മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി.) വീണ്ടുമൊരു പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന. പതിനാറോളം എം.എൽ.എ.മാരും ഏഴ് എം.പി.മാരും പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽത്തന്നെ പുതിയ വിഭാഗം രൂപപ്പെട്ടേക്കുമെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. 2022-ലെ വിമതനീക്കത്തിന് ശേഷം ഉദ്ധവിന് ഏൽക്കുന്ന വലിയ തിരിച്ചടിയാകും ഇത്. ശിവസേന (യു.ബി.ടി.)യുടെ ചില എം.പി.മാർ ഏകനാഥ് ഷിന്ദേയുടെ ശിവസേനയിലേക്ക് ചേക്കേറിയേക്കുമെന്നാണ് സൂചന. ഇതേത്തുടർന്ന് ഉദ്ധവ് താക്കറെ പാർട്ടിയിലെ ഒൻപത് ലോക്സഭാ എം.പി.മാരുടെ യോഗം മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ അടിയന്തരമായി വിളിച്ചുചേർത്തു. പിളർപ്പ് വാർത്തകൾ ചെറുക്കാനായിരുന്നു യോഗം. എങ്കിലും ഈ കൂടിക്കാഴ്ച വലിയ ചർച്ചയായി.
ഉദ്ധവിന് വീണ്ടും വൻ തിരിച്ചടി
