ഇടുക്കി: ഭരണം കിട്ടിയത് അഞ്ച് വർഷത്തേക്കാണെന്ന് മന്ത്രിമാരെയും എംഎൽഎമാരെയും ഓർമ്മിപ്പിച്ച് ഇടുക്കി ഡിസിസി അംഗം നിഖിൽ പൈലി. വീണ്ടും തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന കാര്യം മന്ത്രിമാരും എംഎൽഎമാരും അത് മറക്കരുതെന്നും നിഖിൽ. പല പാർട്ടിക്കാരും പരാതി പറഞ്ഞു തുടങ്ങി. താഴെത്തട്ടിൽ കുറേ പാർട്ടി പ്രവർത്തകരും സൈബർ യുദ്ധം ചെയ്യുന്നവരും ഒക്കെ ചേർന്നാണ് നിങ്ങളെ ഭരണത്തിലേറ്റിയതെന്ന് മറക്കേണ്ടെന്നും നിഖിൽ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾക്ക് സുഖിക്കാനും പത്രാസ് കാട്ടാനും സിൽബന്ധികളെ കസേരയിൽ ഇരുത്താനും സമ്പാദിക്കാനും ആണ് ഭരണമെന്ന് കരുതരുത്. ജനത്തിന് ഗുണം ചെയ്യണം, നാടിനും. പ്രവർത്തകരെ കാണുമ്പോൾ കൈ വീശി അങ്ങ് പോകരുത്. അവരെ കേൾക്കണം. അവരെ ചേർത്തു നിർത്തി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണം. കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകരെ കൂടി പരിഗണിക്കണമെന്നും ധീരജ് വധക്കേസിലെ പ്രതിയായ നിഖിൽ പൈലി കുറിച്ചു.
‘ഭരണം കിട്ടിയത് നിങ്ങൾക്ക് സുഖിക്കാനല്ല’; പല പാർട്ടിക്കാരും പരാതി പറയുന്നുവെന്ന് നിഖിൽ പൈലി
