റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലായി സുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ ഫീൽഡ് കാമ്പയിനുകളിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 15,000ത്തിലധികം നിയമലംഘകർ. 2026 ജൂൺ 25 മുതൽ ജൂലൈ 1 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,600 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ കൂടുതൽ താമസ നിയമങ്ങൾ ലംഘിച്ചവരാണ്. 7,800 പേരെയാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തത്. അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ച 4,500 പേരും പിടിയിലത്തായാണ് റിപ്പോർട്ട്. തൊഴിൽ നിയമലംഘനത്തിന് 3,300 പേരെയും പിടികൂടി.
നിയമവിരുദ്ധമായി അതിർത്തി കടന്ന് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,600 പേരെയും സുരക്ഷാ വിഭാഗം പിടികൂടിയിട്ടുണ്ട്. ഇതിൽ 53 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും 46 ശതമാനം പേർ യമനികളുമാണ്. കൂടാതെ, നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 58 പേരും, നിയമലംഘകർക്ക് താമസസൗകര്യം, ജോലി, യാത്രാസൗകര്യം എന്നിവ നൽകി ഒത്താശ ചെയ്ത 17 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു.
