റിയാദ്: അനുകൂലമായ പ്രകൃതിദത്ത അന്തരീക്ഷത്തിന്റെ കരുത്തിൽ സൗദി അറേബ്യയുടെ കാർഷിക ഭൂപടത്തിൽ മുൻനിര സ്ഥാനം ഉറപ്പിക്കുകയാണ് അൽ ഖസീം പ്രവിശ്യ. രാജ്യത്തെ കാർഷിക ഉൽപ്പാദനം വൈവിധ്യവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഒരു വാഗ്ദാന വിളയായി മുന്തിരി ഇവിടെ അതിവേഗം വളരുകയാണ്. പ്രവിശ്യയിലെ പ്രമുഖ ഗവർണറേറ്റുകളായ ഉയൂൻ അൽ ജവാ, അൽ മിദ്നബ്, അൽ ബദായ എന്നിവടങ്ങളിലാണ് പ്രധാനമായും മുന്തിരി കൃഷി വ്യാപകമായിട്ടുള്ളത്. ബ്ലാക്ക് റോസ്, ത്വാഇഫി, ഹൽവാനി, ബ്ലാക്ക് മാജിക്, ചുവപ്പും പച്ചയും കലർന്ന ബനാത്തി എന്നിങ്ങനെ വിവിധ ഇനങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയത്തിന്റെ അൽ ഖസീം ശാഖാ ജനറൽ മാനേജർ എഞ്ചിനീയർ സൽമാൻ ബിൻ ജാറുള്ള അൽ സുവൈനഅ് വ്യക്തമാക്കിയ കണക്കുകൾ പ്രകാരം, ഖസീമിലെ വാർഷിക മുന്തിരി ഉത്പാദനം ഏകദേശം 30,875 ടണ്ണിലെത്തി നിൽക്കുന്നു. 1,021 ഹെക്ടറിലധികം വിസ്തൃതിയിലുള്ള 60 കാർഷിക ഫാമുകളിലായി 1,286,460-ലധികം ഫലവത്തായ മുന്തിരി മരങ്ങളാണ് ഇവിടെയുള്ളത്. വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, കാർഷിക ഉൽപന്നങ്ങളുടെ മത്സരശേഷിയും വിപണി മൂല്യവും വർദ്ധിപ്പിക്കാൻ മന്ത്രാലയം പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്ന് അൽ സുവൈനഅ് കൂട്ടിച്ചേർത്തു. മുന്തിരി കൃഷിക്കൊപ്പം ജ്യൂസ്, മൊളാസസ് (ദബ്സ്), ഉണക്കമുന്തിരി, പ്രകൃതിദത്ത വിനാഗിരി തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലെ നിക്ഷേപവും മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
