പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. വൈദ്യപരിശോധനാ ഫലം പുറത്തു വന്നപ്പോഴാണ് പീഡനം നടന്നിട്ടില്ലെന്നത് വ്യക്തമായത്. മൊഴിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്. കളവ് പറയാന്‍ കാരണം പ്രണയനൈരാശ്യമാണെന്നാണ് പൊലീസിന്റെ സംശയം. ചൈല്‍ഡ് ലൈനില്‍ വിളിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടല്‍ പൊലീസ് കേസ് എടുക്കുകയും ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി മൊഴി മാറ്റുകയും സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ലെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സഹപാഠികള്‍ ഉള്‍പ്പെടെയുള്ള ആറ് പേരെ പൊലീസ് വിട്ടയച്ചു.
വ്യക്തിവിരോധമാണോ വ്യാജപരാതിക്കിടയാക്കിയതെന്ന കാര്യത്തില്‍ പൊലീസ് അന്വേഷിക്കും. കുടുംബത്തില്‍ നിന്നുള്ള സംരക്ഷണമില്ലായ്മയാണ് ഇതിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ മൊഴി വിശദമായി പരിശോധിക്കുമെന്നും പെണ്‍കുട്ടിക്ക് ചൈല്‍ഡ് ലൈന്‍ വഴി ആവശ്യമായ കൗണ്‍സിലിങ് നല്‍കുമെന്നും പൊലീസ് വ്യക്തമാക്കി.
