ന്യൂഡല്‍ഹി: ആഗോള പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ റാങ്ക് വീണ്ടും താഴോട്ട്. പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യ 125-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റാങ്കിങ്ങില്‍ നേരിയ മുന്നേറ്റം പ്രകടമാക്കിയിരുന്നെങ്കിലും, ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടാന്‍ ഇത്തവണയും ഇന്ത്യക്ക് സാധിച്ചില്ല. 2021-2023 കാലയളവില്‍ 127-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, കഴിഞ്ഞ വര്‍ഷം 124-ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ റാങ്കിങ്ങില്‍ ഒരു സ്ഥാനം കൂടി പിന്നോട്ട് പോവുകയായിരുന്നു.
നിലവില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് ലോകത്തെ 26 രാജ്യങ്ങളിലേക്ക് മാത്രമാണ് മുന്‍കൂട്ടി വിസയില്ലാതെ യാത്ര ചെയ്യാനാകുന്നത്. നമീബിയ, ഫിലിപ്പീന്‍സ്, മൊറോക്കോ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പാസ്പോര്‍ട്ട് കരുത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. എന്നാല്‍ അസര്‍ബൈജാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
ഭൂട്ടാന്‍, നേപ്പാള്‍, ജമൈക്ക, മക്കാവു, പലസ്തീന്‍, ടുണീഷ്യ, അംഗോള, ബാര്‍ബഡോസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ രഹിത യാത്രയോ അല്ലെങ്കില്‍ ‘വിസ ഓണ്‍ അറൈവല്‍’ (എത്തുമ്പോള്‍ ലഭിക്കുന്ന വിസ) സൗകര്യമോ ലഭ്യമാണ്. അതേസമയം അമേരിക്ക, യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, ചൈന, യുഎഇ തുടങ്ങി ലോകത്തിലെ പ്രധാനപ്പെട്ട 88 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും മുന്‍കൂട്ടി വിസ എടുക്കേണ്ടതുണ്ട്.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ഏറ്റവും മികച്ച റാങ്കുള്ളത് ചൈനയ്ക്കാണ് (104-ാം സ്ഥാനം). എങ്കിലും ദക്ഷിണേഷ്യന്‍ മേഖലയിലെ അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച നിലയിലാണ്. പട്ടികയില്‍ നേപ്പാള്‍ 164-ാം സ്ഥാനത്തും ബംഗ്ലാദേശ് 166-ാം സ്ഥാനത്തുമാണ്. അയല്‍രാജ്യമായ പാകിസ്ഥാന്‍ പട്ടികയുടെ ഏറ്റവും പിന്നിലായി 188-ാം സ്ഥാനത്താണ് തുടരുന്നത്.
ആഗോള യാത്രാ സ്വാതന്ത്ര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ആധിപത്യം ഇത്തവണയും നിലനിര്‍ത്തി. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഭൂരിഭാഗവും യൂറോപ്യന്‍ രാജ്യങ്ങളാണ് കയ്യടക്കി വെച്ചിരിക്കുന്നത്. സ്വീഡനാണ് പട്ടികയില്‍ ഒന്നാമതുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, ജര്‍മ്മനി എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. അതേസമയം ലോകത്തെ വന്‍ശക്തികളായ അമേരിക്കയും ഫ്രാന്‍സും നേരിയ വ്യത്യാസത്തില്‍ ആദ്യ പത്തിന് പുറത്തായി 11-ാം സ്ഥാനത്താണ് എത്തിയത്. കാനഡയ്ക്ക് 13-ാം സ്ഥാനമാണുള്ളത്.
