ദുബായ് : ദുബായിലെ ഗതാഗത ശൃംഖലയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നഗരത്തിന്റെ ഭാവിവികസനാവശ്യങ്ങൾ മുൻകൂട്ടി ക്കണ്ട് അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ‘ലത്തീഫ ബിൻത് ഹംദാൻ കോറിഡോർ വികസനപദ്ധതി’ക്ക് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) തുടക്കമിട്ടു. രണ്ട് ബില്യൺ ദിർഹം ചെലവിൽ നടപ്പാക്കുന്ന പദ്ധതി 2028-ഓടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 12 കിലോമീറ്റർ നീളമുള്ള ഈ പുതിയപാത ശൈഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, എമിറേറ്റ്‌സ് റോഡ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കും. നിലവിൽ ഉമ്മുൽ ഷീഫ് സ്ട്രീറ്റിൽ നിന്ന് എമിറേറ്റ്‌സ് റോഡിലേക്കുള്ള യാത്രയ്ക്ക് 33 മിനിറ്റ് വേണ്ടിവരുമ്പോൾ, പുതിയപാത വരുന്നതോടെ ഇത് വെറും 15 മിനിറ്റായി (54 ശതമാനം കുറവ്) ചുരുങ്ങും. 2,300 മീറ്റർ നീളമുള്ള ഏഴ് പാലങ്ങളും 900 മീറ്റർ നീളമുള്ള എട്ട് തുരങ്കങ്ങളും പദ്ധതിയുടെ ഭാഗമായി നിർമിക്കും. കൂടാതെ, 12.5 കിലോമീറ്റർ സൈക്കിൾ ട്രാക്കുകളും ഒരുക്കുന്നുണ്ട്.
വൻകുതിപ്പിന് വഴിതുറക്കും
