ഇതള്‍’ വിരിഞ്ഞു, മഞ്ചേരി അമ്മത്തൊട്ടിലില്‍ ആദ്യ അതിഥി

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആധുനിക സജ്ജീകരണങ്ങളോടെ പുനര്‍നിര്‍മ്മിച്ച അമ്മത്തൊട്ടിലില്‍ ആദ്യ കുഞ്ഞെത്തി. ഒന്‍പത് ദിവസം മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് ആണ് ആദ്യമായി ഇവിടെ എത്തിയത്. അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിന് ‘ഇതള്‍’ എന്നാണ് അധികൃതര്‍ പേരിട്ടിരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ 2.7 കിലോ ഭാരവും 50 സെ.മീ പൊക്കവുമുള്ള കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 19-നാണ് സംസ്ഥാന ശിശുക്ഷേമ സമിതി മഞ്ചേരിയിലെ അമ്മത്തൊട്ടില്‍ ഹൈടെക് സംവിധാനങ്ങളോടെ നവീകരിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രത്യേക ഉത്തരവുപ്രകാരം ഇതളിനെ പട്ടര്‍ക്കടവിലുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഔദ്യോഗിക ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിനെ നിയമപരമായി ദത്ത് നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍. കുഞ്ഞിന്മേല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കാനുണ്ടെങ്കില്‍ അവര്‍ എത്രയും വേഗം സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടേണ്ടതാണെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *