തിരുവനന്തപുരം: തെരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ സംഘടനാപരമായ തിരുത്തൽ നടപടിയിലേക്ക് കടക്കാനൊരുങ്ങി സിപിഎം. പാർട്ടിക്ക് സംഭവിച്ച വീഴ്ച്ചകൾ എന്തൊക്കെയാണെന്നും ഏത് രീതിയിലുള്ള തിരുത്തൽ നടപടികളാണ് വേണ്ടതെന്നും ചർച്ച ചെയ്ത് കർമപദ്ധതിയുണ്ടാക്കാൻ വിശാല സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ രണ്ടാംവാരം കോഴിക്കോട്ട് നടക്കും. സംസ്ഥാനകമ്മിറ്റി അംഗങ്ങൾക്ക് പുറമേ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, പോഷകസംഘടനയുടെ ഭാരവാഹികൾ എന്നിവരും പ്രതിനിധികളാകും
തുടർഭരണം പാർട്ടിയെ നിർജീവമാക്കിയിട്ടുണ്ടെന്ന വിലയിരുത്തൽ എല്ലാ ഘടകത്തിലുമുണ്ട്. നേതാക്കളുടെ പെരുമാറ്റത്തിലും സമീപനത്തിലും സാധാരണക്കാരെ അകറ്റുന്ന രീതിയുണ്ടായി. ഇക്കാര്യങ്ങളിലെല്ലാം തിരുത്തൽ വേണമെന്ന ആവശ്യം ബ്രാഞ്ച് മുതൽ കേന്ദ്രകമ്മിറ്റിവരെയുള്ള തെരഞ്ഞെടുപ്പ് അവലോകന ചർച്ചകളിൽ ഉയർന്നുവന്നിരുന്നു. കഴിഞ്ഞയാഴ്ച മൂന്ന് ദിവസമായി ചേർന്ന പ്രത്യേക കേന്ദ്രകമ്മിറ്റി യോഗത്തിൽ തിരുത്തൽ വേണ്ട കാര്യങ്ങളുടെ കരട് തയ്യാറാക്കിയിട്ടുണ്ട്.
ഇതനുസരിച്ചായിരിക്കും വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ അജൻഡയും ചർച്ചയും തീരുമാനങ്ങളും ഉണ്ടാക്കുക. ഈ മാസം 23, 24 തീയതികളിൽ സി.പി.എം. സംസ്ഥാന സമിതി യോഗം ചേരുന്നുണ്ട്. അതിൽ വിശാലയോഗത്തിന്റെ നടപടിക്രമങ്ങൾ തീരുമാനിക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ പാർട്ടിയിൽ വിഭാഗീയതയ്ക്ക് സമാനമായ രീതിയിലുള്ള ചേരിതിരിവും രൂക്ഷമായിട്ടുണ്ട്. നേതൃമാറ്റമില്ലാതെ പാർട്ടിക്ക് ഊർജം വീണ്ടെടുക്കാനാകില്ലെന്നും പ്രവർത്തകർക്ക് ആത്മവീര്യം ഉണ്ടാക്കിയെടുക്കാനാകില്ലെന്നുള്ള വിമർശനവും ശക്തമാണ്.
