ഫ്രഞ്ച് ഫുട്ബോളിൽ പുതിയ യുഗം, സിനദിൻ സിദാൻ ഫ്രാൻസ് പരിശീലകൻ

പാരീസ്: ഫുട്ബോൾ ലോകം ഏറെ നാളായി കാത്തിരുന്ന വമ്പൻ പ്രഖ്യാപനമെത്തി. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ ഫ്രാൻസ് ദേശീയ ടീമിന്‍റെ പുതിയ പ്രധാന പരിശീലകനായി ചുമതലയേറ്റു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. 2030 വരെ നീളുന്ന ദീർഘകാല കരാറിലാണ് മുൻ റയൽ മാഡ്രിഡ് പരിശീലകന്‍ കൂടിയായ സിദാന്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ യൂറോ 2028, 2030 ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ ‘ലെ ബ്ലൂസ്’ സിദാന്‍റെ തന്ത്രങ്ങൾക്ക് കീഴിലാവും പോരാട്ടത്തിനിറങ്ങുക. നീണ്ട 14 വർഷക്കാലം ഫ്രഞ്ച് ടീമിനെ വിജയവഴിയിൽ നയിച്ച മന്‍ നായകൻ ദിദിയർ ദെഷാംപ്സിന് പകരക്കാരനായാണ് സിദാന്‍റെ വരവ്. ദെഷാംപ്സിന്‍റെ സേവനങ്ങളെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് ഫിലിപ്പ് ഡിയാലോ വാനോളം പുകഴ്ത്തി. ഫ്രഞ്ച് ഫുട്ബോളിനെ സംബന്ധിച്ച് ഇതൊരു അപൂർവ്വ നിമിഷമാണ്. കഴിഞ്ഞ 14 വർഷമായി ഫ്രാൻസ് ടീമിനെ ലോകത്തിന്‍റെ നെറുകയിൽ നിർത്തിയത് ദെഷാംപ്സ് ആണ്. ഗ്രൗണ്ടിൽ ഫ്രഞ്ച് ഫുട്ബോളിന്‍റെ പ്രതിച്ഛായ തന്നെ അദ്ദേഹം വീണ്ടെടുത്തു. അദ്ദേഹത്തിന്‍റെ സേവനങ്ങൾ എടുത്തുപറയേണ്ടതാണെന്നും ഫിലിപ്പ് ഡിയാലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *