കൊച്ചി : കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉന്മാദം’. ഷാഹി കബീറിന്റെ തിരക്കഥയിൽ കിരൺ ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് കോൺസ്റ്റബിളായാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ എത്തുന്നത്. ലിജോമോൾ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഉന്മാദം സെറ്റിലുണ്ടായ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഫൈറ്റ് രംഗം ചിത്രീകരിക്കാൻ നേരത്ത് നിലത്ത് വിരിച്ചിരുന്ന ബെഡ് കാണാനില്ലെന്നും പിന്നീട് അന്വേഷിച്ചപ്പോൾ സംവിധായകൻ അതിൽ കിടന്ന് ഉറങ്ങുന്നതാണ് കണ്ടതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.
“പറയണോ വേണ്ടയോ എന്നറിയാത്ത വേറൊരു സംഗതി കൂടെയുണ്ട്. ഈ സിനിമയുടെ ക്ലൈമാക്സിനോടടുക്കുമ്പോള്‍ ഒരു ഫൈറ്റുണ്ട്. ഔട്ട് ഡോര്‍ ഫൈറ്റാണ്. കുറച്ച് മെറ്റലുകള്‍ കൂട്ടിയിട്ട് അതിന്റെ ഇടയില്‍ വച്ചുള്ളതാണ്. ഫൈറ്റില്‍ എനിക്ക് നിലത്ത് വീഴണം. താഴെ ബെഡ്ഡൊക്കെ വിരിച്ചിടുമെന്ന് പറഞ്ഞിരുന്നു. പക്ഷെ ഷൂട്ടിന്റെ സമയത്ത് ബെഡ്ഡ് കാണുന്നില്ല. എല്ലാവരും ബെഡ്ഡ് നോക്കിയിറങ്ങി. അവസാനം നോക്കുമ്പോള്‍ ഡയറക്ടര്‍ അതില്‍ കിടന്നുറങ്ങുകയായിരുന്നു.” കുഞ്ചാക്കോ ബോബൻ പറയുന്നു.
