കോച്ചിന്‍റെ ഒറ്റ വിളയിൽ മനംമാറി; ഇനി മൊറോക്കോയിലേക്ക്

സാന്‍റിയാഗോ: ചിലിയൻ ക്ലബ്ബായ കൊളോ-കൊളോയുമായുളഅള ധാരണ തെറ്റിച്ച് ലോകകപ്പില്‍ തിളങ്ങിയ കേപ്പ് വെർദെ ഗോൾകീപ്പർ വൊസീഞ്ഞയുടെ നാടകീയ നീക്കം. കൊളോ-കൊളോയുമായി കരാറിലൊപ്പിടാതെ അവസാന നിമിഷം മൊറോക്കൻ ക്ലബ്ബായ ആർഎസ് ബെർക്കെയ്നിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് ഈ 40-കാരൻ. വൊസീഞ്ഞയെ ടീമിലെത്തിച്ചതായി കൊളോ-കൊളോ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ താരം നിയമപരമായ കരാറിൽ ഒപ്പുവെച്ചിരുന്നില്ല. ഈ സാങ്കേതികത്വം മുതലെടുത്താണ് ആഫ്രിക്കൻ ക്ലബ്ബിന്‍റെ വാഗ്ദാനം സ്വീകരിച്ച് വൊസീഞ്ഞ മൊറോക്കൻ ക്ലബ്ബിലേക്ക് പോകുന്നതെന്ന് പ്രമുഖ കായിക മാധ്യമമായ ‘മാർക്ക’ റിപ്പോർട്ട് ചെയ്യുന്നു. കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കുന്നതിന് മുൻപ് തന്നെ വൊസീഞ്ഞയെ സ്വന്തമാക്കിയതായി പ്രഖ്യാപിച്ച ചിലിയൻ ക്ലബ്ബിന് താരത്തിന്‍റെ അവസാന നിമിഷ മലക്കം മറിച്ചില്‍ വലിയ നാണക്കേടായി. പുതിയ സീസണിനായുള്ള തയാറെടുപ്പുകൾക്കിടെ നേരിട്ട ഈ അബദ്ധം വലിയ മാധ്യമ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. 2026 ലോകകപ്പിൽ കേപ്പ് വെർദെയ്ക്കായി സ്പെയിൻ, ഉറുഗ്വേ, അർജന്‍റീന ടീമുകൾക്കെതിരെ വൊസീഞ്ഞ നടത്തിയ പ്രകടനമാണ് താരത്തിന്‍റെ ഡിമാൻഡ് വർദ്ധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *