കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിലെ അനധികൃത താമസ കെട്ടിടങ്ങൾക്കെതിരായ നടപടി ശക്തമാക്കിയതോടെ സമീപ പ്രദേശങ്ങളിലും താമസക്കാരുടെ തിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്. പതിനായിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ തിങ്ങിപ്പാർക്കുന്ന ജലീബിൽ, കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് പേരെയാണ് ഒഴിപ്പിച്ചത്. ഒഴിപ്പിക്കപ്പെട്ടവർ സമീപ പ്രദേശങ്ങളിലേക്ക് താമസം മാറിയതോടെ അവിടെയും അമിത തിരക്ക് രൂപപ്പെടുന്നതായാണ് വിവരം. നിയമലംഘനം കണ്ടെത്തിയ നിരവധി കെട്ടിടങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുകയും വൈദ്യുതി ഉൾപ്പെടെയുള്ള സേവനങ്ങൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇത് ജനസാന്ദ്രതയേറിയ മേഖലകളിൽ വീണ്ടും അമിത തിരക്ക് രൂപപ്പെടാൻ കാരണമാകുന്നതായി റിപ്പോർട്ടുണ്ട്. ചില മുറികളിൽ എട്ട് മുതൽ പത്ത് പേർ വരെ താമസിക്കുന്ന സാഹചര്യവും നിലവിലുണ്ടെന്നാണ് വിവരം. കുറഞ്ഞ നിരക്കിലുള്ള താമസസൗകര്യങ്ങളാണ് താഴ്ന്ന വരുമാനക്കാരായ പ്രവാസികളെ ഇത്തരം ഇടങ്ങളിലേക്ക് ആകർഷിക്കുന്നത്. ചില ഇടങ്ങളിൽ ഒരു കിടക്കയ്ക്ക് പ്രതിമാസം 40 മുതൽ 50 ദിനാർ വരെ ഈടാക്കുന്നതായും റിപ്പോർട്ടുണ്ട്.
ജലീബ് അൽ ഷുയൂഖിലെ സുരക്ഷ പരിശോധന തുടരുന്നു
