കൊച്ചി : കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത ഉന്മാദം എന്ന ചിത്രത്തിലെ ഗാനം അണിയറക്കാർ പുറത്തുവിട്ടു. രാവായ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അൻവർ അലിയാണ്. മുജീബ് മജീദിൻറേതാണ് സംഗീതം. ശക്തിശ്രീ ഗോപാലനും ലാൽ കൃഷ്ണയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. എഡിറ്റിംഗ് രംഗത്ത് മുൻനിരക്കാരനായ കിരൺ ദാസിൻറെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പൊലീസ് യൂണിഫോമിന് ഉള്ളിലെ മനുഷ്യരുടെ വേറിട്ട കഥകൾ പറഞ്ഞിട്ടുള്ള ഷാഹി കബീർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക. പനോരമ സ്റ്റുഡിയോസിൻറെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭം കൂടിയാണ് ‘ഉന്മാദം’.
തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ്റേത്. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബുമോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.
