തിരുവനന്തപുരം: ‘പാറ്റ’ സമരവും വർത്തമാനകാലത്തെ പാർട്ടിയുടെ അവസ്ഥയും തിരിച്ചറിഞ്ഞ് പ്രവർത്തനരീതി പരിഷ്കരിക്കാൻ സി.പി.എം. സെപ്റ്റംബറിൽ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാനകമ്മിറ്റി യോഗത്തിൽ കർമ്മപരിപാടി തയ്യാറാക്കും. സമര പ്രചാരണരീതി മാറ്റുകയും പുതുതലമുറയെ പാർട്ടിയിലേക്കും പ്രവർത്തനത്തിലേക്കും ആകർഷിക്കാനുള്ള സമീപനം ഉണ്ടാവുകയുംവേണം. പരമ്പരാഗത പ്രവർത്തനരീതിയിൽ സമൂല അഴിച്ചുപണിയുണ്ടാകണമെന്നാണ് പാർട്ടി വിലയിരുത്തൽ. കൂടുതൽ ഫണ്ട് പിരിവുനടത്തുന്ന പാർട്ടിയും സംഘടനകളുമെന്ന പേരുദോഷം സി.പി.എമ്മിനും പോഷകസംഘടനകൾക്കുമുണ്ട്. ഇത് മാറ്റിയെടുക്കുന്നത് സംബന്ധിച്ചാണ് മറ്റൊരു ചർച്ച. ഇതിന്റെ തുടക്കം വിശാല സംസ്ഥാനകമ്മിറ്റിയുടെ നടത്തിപ്പുമുതൽ തുടങ്ങും. ഇത് പാർട്ടി സമ്മേളനത്തിന്റെ രീതിയിൽത്തന്നെ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. താമസം, ഭക്ഷണം എന്നിവക്കെല്ലാം ആർഭാടങ്ങളൊഴിവാക്കും. പൊതുജനങ്ങളിൽനിന്നുള്ള പിരിവും വേണ്ടെന്നുവെക്കും. ഓരോ പാർട്ടി അംഗവും കുറഞ്ഞത് 100 രൂപയാണ് ഇതിന്റെ ചെലവിലേക്കു നൽകേണ്ടത്. കൂടുതൽ വിഹിതം നൽകാനാവുന്നവർ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
ആർഭാടങ്ങൾ ഒഴിവാക്കാനൊരുങ്ങി CPM
