കൊച്ചി : സൂരി നായകനായി എത്തുന്ന പുതിയ ചിത്രം “മണ്ടാടി”യുടെ കൗണ്ട് ഡൗൺ പോസ്റ്റർ റിലീസ് ചെയ്തു. മാസ് ലുക്കിലുള്ള സൂരിയാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 4 ന് ആണ്. കേരളാ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി, സെൽഫിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ ആണ്.
അടുത്തിടെ ചിത്രത്തിലെ ഒരു പ്രമോ ഗാനം പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏറെ സ്റ്റൈലിഷ് ആയി ഒരുക്കിയ ഈ ഗാനത്തിലൂടെ, അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ആക്ഷൻ മൂഡും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ- ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി.
