ഡാര്വിന്: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഓസ്ട്രേലിയ കനത്ത ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ കാണികളുടെ രസകരമായ ഒരു കമന്റിലൂടെ മത്സരം ശ്രദ്ധേയമായി. ബാറ്റിംഗിനിടയില്‍ സൈറ്റ് സ്ക്രീനിന് സമീപം തന്റെ ശ്രദ്ധ തെറ്റിക്കുന്ന എന്തോ കണ്ട് സ്റ്റീവ് സ്മിത്ത് ക്രീസില്‍ നിന്ന് മാറിനിന്നു. ഇതോടെയാണ് ഗാലറിയില്‍ നിന്ന് ഒരു ആരാധകന് രസകരമായ പരിഹാസവുമായി എത്തിയത്. ബംഗ്ലാദേശ് പേസര്‍മാര്‍ ഓസ്ട്രേലിയയുടെ മുന്‍നിരയെ തകര്ത്തടിയ്ക്കുന്നതിനിടയില് ടീമിനെ രക്ഷിക്കാന്‍ ക്രീസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സ്മിത്ത്.
എന്നാല്‍ സൈറ്റ് സ്ക്രീനിന് ചുറ്റുമുള്ള അനക്കം കാരണം സ്മിത്ത് ബാറ്റിംഗ് വൈകിപ്പിച്ചു. ഇതോടൊണ് കമന്റ് എത്തിയത്. അതിങ്ങനെയായിരുന്നു… ”ആ പന്ത് ഒന്ന് അടിച്ചുകളയൂ, അധികാരം കാണിക്കാതെ. കളിയേക്കാള്‍ വലിയവനല്ല സ്റ്റീവ് നിങ്ങള്‍, അത് സഹിച്ചേക്ക്.” എന്നാണ് ഒരു ആരാധകന് ബ്രോഡ്കാസ്റ്റിലൂടെ മൈക്കില്‍ വ്യക്തമായി കേള്‍ക്കാവുന്ന വിധത്തില്‍ വിളിച്ചുപറഞ്ഞത്. 20 വര്‍ഷത്തിന് ശേഷം ഡാര്‍വിനില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഓസ്ട്രേലിയയ്ക്ക് നിരാശാജനകമായെങ്കിലും, ഈ സംഭവം ഗാലറിയില്‍ ചിരിപടര്‍ത്തി.
