തിരുവനന്തപുരം: ഇക്കുറിയും ഓണാഘോഷത്തിന് വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കി കുടുംബശ്രീ. സംസ്ഥാനമെമ്പാടുമുള്ള നാനൂറോളം വനിതാ കാന്റീന് കാറ്ററിങ്ങ് യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുത്ത് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാം.
ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഓലന്‍, കാളന്, പച്ചടി, കിച്ചടി, പുളിയിഞ്ചി, രസം, മോര്, അച്ചാര്‍, ശര്‍ക്കരവരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവ ഉള്‍പ്പെടെയുള്ള ഓണസദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക്. കൂടാതെ ആവശ്യക്കാര്‍ക്ക് അടപ്രഥമന്‍, പാലട പ്രഥമന്‍, പരിപ്പ് പായസം തുടങ്ങി വിവിധയിനം പായസം അര ലിറ്റര്‍ മുതല്‍ ലഭ്യമാകും. മിനിമം അഞ്ച് സദ്യയെങ്കിലും ബുക്ക് ചെയ്യണം. ഓണസദ്യ ബുക്ക് ചെയ്തവര്‍ക്ക് അതത് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ പക്കല്‍ നിന്ന് ഓണസദ്യ നേരിട്ട് വാങ്ങാം.
നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കോള്‍ സെന്റര്‍ വഴിയും അതത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴിയും ഓണസദ്യയുടെ ബുക്കിങ്ങ് പുരോഗമിക്കുകയാണ്. ഓണസദ്യ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ സമീപപ്രദേശത്തുള്ള കുടുംബശ്രീ സംരംഭകര്‍ക്കാണ് ഓര്‍ഡര്‍ ലഭിക്കുക. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്കൂളുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ ഓണാഘോഷത്തിനാവശ്യമായ ഓണസദ്യ വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡറുകളും സ്വീകരിക്കുന്നുണ്ട്. ഓണസദ്യ മുന്‍കൂറായി ബുക്ക് ചെയ്യാന്‍ അതത് കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്, കൂടാതെ കുടുംബശ്രീ സി.ഡി.എസ് ഓഫീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെടാം.
