ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തി മറ്റൊരു അന്താരാഷ്ട്ര സൗഹൃദ മത്സരം കൂടി എത്തുന്നു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ബ്രസീലിനെതിരായ പോരാട്ടത്തിന് പിന്നാലെ കേപ് വെർദെയും ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ് ബ്രസീലുമായുള്ള മത്സരം. ഇതിന് ശേഷം ഒക്ടോബർ 6 വരെയുള്ള ഏതെങ്കിലും ദിവസമാകും മത്സരമെന്നും റിപ്പോർട്ടുണ്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്.
മത്സരം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എന്നാൽ മത്സരത്തിന്റെ തീയതിയും വേദിയും സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതായാണ് വിവരം. അത് പൂർത്തിയായാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ചർച്ചകൾ പുരോഗമിക്കുകയാണെന്നും അന്തിമതീരുമാനമായിട്ടില്ലെന്നും ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
കന്നി ലോകകപ്പിനെത്തി ചരിത്രമെഴുതിയ കേപ് വെർദെ എന്ന കുഞ്ഞൻ രാജ്യം നിലവിൽ ഫിഫ റാങ്കിംഗിൽ 64-ാം സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യന്മാരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച കേപ് വെർദെ, കരുത്തരായ ഉറുഗ്വേയെയും സമനിലയിൽ പിടിച്ചു.റൗണ്ട് ഓഫ് 32-ൽ അർജന്റീനയോട് രണ്ട് തവണ പിന്നിലായ ശേഷവും പൊരുതിക്കയറിയ അവർ, ഒടുവിൽ എക്സ്ട്രാ ടൈമിൽ 2-3 എന്ന സ്കോറിനാണ് കീഴടങ്ങിയത്.



