ഡൽഹി : ആരോഗ്യരംഗത്ത് സാങ്കേതികവിദ്യ മേധാവിത്വം ഉറപ്പിച്ചിട്ട് നാളുകളേറെയായി. രോഗസ്ഥിരീകരണത്തിനുൾപ്പെടെ എഐയുടെ സഹായം തേടുന്നവരുണ്ട്. ഇപ്പോഴിതാ കാൻസർ വാക്സിൻ വികസിപ്പിച്ചതിൽ എഐയുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കൻ ബയോടെക് കമ്പനികളായ മൊഡേണയെയും മെർക്കിനെയും വാക്സിൻ നിർമാണത്തിനായി എഐ സഹായിച്ച വാർത്തയാണത്.
തങ്ങൾ വികസിപ്പിച്ചെടുത്ത വ്യക്തിഗത കാൻസർ വാക്സിൻ പരീക്ഷണങ്ങളിൽ വിജയംവരിച്ചുവെന്ന് കമ്പനികൾ പറഞ്ഞു. ചർമത്തെ ബാധിക്കുന്ന അർബുദമായ മെലനോമ ബാധിച്ചവരിലാണ് mRNA അധിഷ്ഠിത കാൻസർ വാക്സിനായ ഇൻറ്റിസ്മെരൻ ഓട്ടോജീന്റെ (intismeran autogene) മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലുകൾ ഫലംകണ്ടത്. ശസ്ത്രക്രിയയിലൂടെ ട്യൂമർ നീക്കം ചെയ്ത രോഗികളിൽ മെലനോമ തിരിച്ചുവരുന്നതോ, പടരുന്നതോ തടയാൻ വാക്സിൻ സഹായിച്ചതായി മോഡേണയും മെർക്കും വ്യക്തമാക്കി.



