റിയാദ്: സൗദിയിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷൻ ആപ്പായി വാട്ട്സ്ആപ്പ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ പുറത്തുവിട്ട ‘സൗദി ഇന്റർനെറ്റ് 2025’ റിപ്പോർട്ടിലാണ് രാജ്യത്തെ ഡിജിറ്റൽ ഉപയോഗത്തിന്റെ സുപ്രധാന വിവരങ്ങൾ ഉള്ളത്. രാജ്യത്തെ പുരുഷന്മാരിൽ 94.4 ശതമാനം പേരും സ്ത്രീകളിൽ 90.4 ശതമാനം പേരും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സന്ദേശങ്ങൾ അയക്കുന്നതിനും വിവരങ്ങൾ പങ്കുവെക്കുന്നതിനുമായി സൗദിയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാട്ട്സ്ആപ്പിനെയാണെന്ന് ഇത് അടിവരയിടുന്നു.
വാട്ട്സ്ആപ്പിന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് സ്നാപ്ചാറ്റാണ്. സ്ത്രീകളുടെ ഇടയിൽ 88.2 ശതമാനവും പുരുഷന്മാരിൽ 80.2 ശതമാനവുമാണ് സ്നാപ്ചാറ്റിന്റെ ഉപയോഗം. ഇതിലൂടെ സൗദി വനിതകൾക്കിടയിൽ വാട്ട്സ്ആപ്പ് കഴിഞ്ഞാൽ ഏറ്റവും പ്രിയപ്പെട്ട ആപ്പായി സ്നാപ്ചാറ്റ് മാറി. മൂന്നാം സ്ഥാനത്തുള്ള ടിക് ടോക് ഇരുവിഭാഗങ്ങളിലും സമാനമായ ജനപ്രീതി (സ്ത്രീകൾ 77.6%, പുരുഷന്മാർ 76.5%) നിലനിർത്തുമ്പോൾ, യൂട്യൂബ് നാലാമതും ഇൻസ്റ്റാഗ്രാം അഞ്ചാമതുമുണ്ട്. ഉപയോക്താക്കൾക്കിടയിൽ ഇന്റർനെറ്റ് സെർച്ച് വാക്കുകളിൽ ‘ട്രാൻസ്ലേറ്റർ’, ‘അബ്ഷിർ’, ‘നൂർ’ എന്നിവയാണ് മുന്നിലുള്ളത്. വെബ്സൈറ്റുകളിൽ വിക്കിപീഡിയയും യൂട്യൂബും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളായ ചാറ്റ് ജി.പി.ടിയും ആളുകൾ കൂടുതലായി സന്ദർശിക്കുന്നുണ്ട്.



