കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഓസ്ട്രേലിയൻ പൗരത്വമുള്ള നാലംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി. ലക്ഷ്മി ശ്രീധരൻ അയ്യർ (49), ശ്രീധരൻ അയ്യർ (53), മക്കളായ രുദ്ര ശ്രീധരൻ അയ്യർ (20), റിഷബ് ശ്രീധരൻ അയ്യർ (23) എന്നിവരുമായാണ് ബന്ധപ്പെടാൻ കഴിയാത്തത്.
ഓഗസ്റ്റ് 26 ബുധനാഴ്ച രാവിലെ 8.45ഓടെ റാസുവ ജില്ലയിലെ സ്യാഫ്രുബെസി പ്രദേശത്താണ് നാലുപേരെയും അവസാനമായി കണ്ടത്. ബാഗ്മതിയിലെ യാല പീക്ക് ഗസ്റ്റ് ഹൗസിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹിമാലയൻ ഗ്ലേസിയർ ട്രക്കിങ് സംഘത്തിന്റെ ഭാഗമായി മാതാപിതാക്കളും പ്രായപൂർത്തിയായ രണ്ട് മക്കളും ഒരുമിച്ചാണ് നേപ്പാളിലെത്തിയത്.
മിന്നൽപ്രളയത്തിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് നാലുപേരുമായും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് വിവരം. കുടുംബത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധുക്കളെയോ നേപ്പാൾ അധികൃതരെയോ അടിയന്തരമായി അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
നാലുപേരെയും കണ്ടെത്തി രക്ഷപ്പെടുത്തുന്നതിന് നേപ്പാൾ അധികൃതരുമായി അടിയന്തരമായി ഏകോപനം നടത്തണമെന്നും ആവശ്യമായ സഹായം ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ബന്ധപ്പെട്ട സർക്കാരുകളും അധികൃതരും അടിയന്തരമായി ഇടപെടണമെന്നാണ് ബന്ധുക്കളുടെ അഭ്യർഥന. കുടുംബം സുരക്ഷിതമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.



