ബെയ്ജിങ്: തീവ്രവാദത്തിനെതിരെ ഷാങ്ഹായി ഉച്ചകോടിയില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മനുഷ്യരാശിക്ക് മുഴുവനും വലിയ വെല്ലുവിളിയായി തുടരുകയാണ് എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായം, റിക്രൂട്ട്മെന്റ്, തീവ്രവാദവല്‍ക്കരണം, സുരക്ഷിത താവളങ്ങള്‍ എന്നിവയുടെ മുഴുവന്‍ ശൃംഖലയെയും തകര്‍ക്കണമെന്നും മോദി ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് മോദിയുടെ സന്ദേശം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ എന്നിവരെ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ സന്ദേശം. ഭീകരവാദത്തില്‍ ഇരട്ടത്താപ്പുകള്‍ക്ക് സ്ഥാനമില്ലെന്നും മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിക്കണമെന്നും ഭീകരവാദത്തെ ഭരണകൂട നയമാക്കുന്ന രാജ്യങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു.
തെക്കന്‍ രാജ്യങ്ങളാണ് ഇത്തരം സംഘര്‍ഷങ്ങളുടെ ഏറ്റവും വലിയ നഷ്ടം വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധങ്ങളും പിരിമുറുക്കങ്ങളും ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.അതേസമയം, ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മില്‍ ഔദ്യോഗികമായി കൈകൊടുക്കുകയോ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല.



