തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിന് പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകര്യ ഹർജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം പോക്സോ കോടതിയാണ് സ്റ്റേ ചെയ്തത്. കൂടാതെ, പ്രായപൂർത്തി ആയിട്ടില്ലെന്ന കേസിൽ മധ്യപ്രദേശ് പോലീസിനോട് വിശദീകരണവും തേടി. വിവാഹം കഴിഞ്ഞ സമയം പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കൂടാതെ, പെൺകുട്ടിയുടെ സഹോദരന്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബാഹ്യസമ്മർദ്ദത്തിൽ വീട്ടുകാർ വ്യാജരേഖയുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
വിവാഹത്തിൽ പങ്കെടുത്ത സിപിഎമ്മിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, എ എ റഹീം എംപി , വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യവുമായിട്ടാണ് തിരുവനന്തപുരം പോക്സോ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഇതിന്റെ തുടർ നടപടികളാണ് ഇപ്പോൾ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം സ്റ്റേ ചെയ്തത്. ഇതിനു മുൻപ് എസ് സി-എസ് ടി കമ്മീഷന് മുന്നിലും സംസ്ഥാനം ഇത് വാദിച്ചിരുന്നു. വിവാഹം കഴിയുമ്പോൾ പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നു. ബന്ധപ്പെട്ട രേഖകൾ എല്ലാം പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം മധ്യപ്രദേശ് ആർഡിഒയ്ക്ക് പെൺകുട്ടിയുടെ മാതാപിതാക്കൾ നിലവിലുള്ള രേഖകൾ എല്ലാം കാൻസൽ ചെയ്യാനായി അപേക്ഷ നൽകുകയും പെൺകുട്ടിയുടെ അനുജന്റെ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുകയും ചെയ്തു. ഇത് ഉപയോഗിച്ചാണ് ഇപ്പോളത്തെ കേസുകൾ നടക്കുന്നത്. ഇത്തരത്തിൽ കള്ളക്കേസ് കെട്ടിച്ചമച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ഹർജി നൽകിയിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഹർജി സ്റ്റേ ചെയ്തിരിക്കുന്നത്.
