ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന. ഈ നിയമം ബൗളര്‍മാരുടെ ജോലി കൂടുതല്‍ ദുഷ്‌കരമാക്കിയെന്നും ബാറ്റ്സ്മാന്‍മാര്‍ക്ക് അനാവശ്യമായ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും റെയ്‌ന അഭിപ്രായപ്പെട്ടു. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇംപാക്ട് പ്ലെയര്‍ നിയമം മൂലം ടീമുകള്‍ അനായാസം 200-300 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന സ്ഥിതിയാണുള്ളതെന്ന് റെയ്‌ന ചൂണ്ടിക്കാട്ടി. ”ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെയാണ് ഞാന്‍. ഫിറ്റായ പല താരങ്ങളും ബാറ്റ് ചെയ്ത് പുറത്തുകടന്ന് വെറുതെയിരിക്കുന്നു. ബൗളര്‍മാര്‍ക്ക് അവിടെ ഒന്നുമില്ല. ബൗളര്‍മാരെ സംബന്ധിച്ച് ഇത് വളരെ കടുപ്പമേറിയതാണ്. ഇപ്പോള്‍ 300 റണ്‍സ് വരെ പിറക്കുന്നുണ്ട്. കൂടുതല്‍ ബാറ്റ്സ്മാന്‍മാര്‍ ഉണ്ടാകുമ്പോള്‍ അത് ബൗളര്‍മാരുടെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കും.” റെയ്‌ന പറഞ്ഞു.
2023-ല്‍ ഐപിഎലില്‍ അവതരിപ്പിച്ച ഇംപാക്ട് പ്ലെയര്‍ നിയമപ്രകാരം, ടോസിനു ശേഷം ടീമുകള്‍ക്ക് അഞ്ച് പകരക്കാരെ തിരഞ്ഞെടുക്കാം. ഇതില്‍ ഒരാള്‍ക്ക് മത്സരത്തിനിടയില്‍ പ്ലേയിംഗ് ഇലവനിലെ മറ്റൊരു താരത്തിന് പകരമായി ഇറങ്ങാന്‍ സാധിക്കും. ഈ അധിക ബാറ്റിംഗ് ഓപ്ഷന്‍ ബാറ്റ്സ്മാന്‍മാരുടെ ഭാഗത്തേക്ക് വിജയസാധ്യത കാര്യമായി മാറ്റിയെന്നും, ഓള്‍റൗണ്ടര്‍മാരുടെ പ്രാധാന്യം കുറച്ചുവെന്നും റെയ്‌ന വിലയിരുത്തി. സജീവ ഇന്ത്യന്‍ താരങ്ങള്‍ വിദേശ ഫ്രാഞ്ചൈസി ടി20 ലീഗുകളില്‍ കളിക്കുന്നത് തടഞ്ഞ ബിസിസിഐയുടെ തീരുമാനത്തെയും റെയ്‌ന പിന്തുണച്ചു.



