തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും മാധ്യമ-വിവരസാങ്കേതിക ഏകോപനവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവര-പൊതുജനസമ്പർക്ക വകുപ്പ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വകുപ്പ് സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വേറിട്ട സാംസ്‌കാരിക കരുത്തും പ്രാദേശിക പ്രതിഭകളുടെ മികവും പൂർണമായി പ്രയോജനപ്പെടുത്തുന്ന രീതിയിലായിരിക്കണം മാധ്യമ-സർഗ മേഖലകളുടെ വികസനമെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ചഞ്ചൽ കുമാർ വ്യക്തമാക്കി. സർഗ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് രാജ്യത്താകമാനം ഒരൊറ്റ മാതൃക പര്യാപ്തമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങൾ, സംരംഭകത്വ നടപടികൾ സുഗമമാക്കൽ, ശേഷി വികസനം, പ്രാദേശിക ഉള്ളടക്കങ്ങൾ, സർഗാത്മക ആവാസവ്യവസ്ഥ എന്നിവയുൾപ്പെടെ കേന്ദ്ര-സംസ്ഥാന സഹകരണം കൂടുതൽ മെച്ചപ്പെടുത്തേണ്ട മേഖലകളും അദ്ദേഹം വിശദീകരിച്ചു. വേവ്സ് 2027, വേവ്സ് ബസാർ, വേവ്സ് എക്സ്, ‘ക്രിയേറ്റ് ഇൻ ഇന്ത്യ’ ചലഞ്ചുകൾ തുടങ്ങിയ ദേശീയ വേദികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സർഗാത്മക ഉള്ളടക്കനിർമാതാക്കൾക്കും സ്റ്റാർട്ടപ്പുകൾക്കും വിപണികൾ, നിക്ഷേപകർ, സാങ്കേതികവിദ്യ, ആഗോള പങ്കാളിത്തം എന്നിവയിലേക്ക് മികച്ച പ്രവേശനത്തിന് വഴി ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.



