ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് ബിജെപി. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയുമാണ് ബിജെപി എം പി നിഷികാന്ത് രൂക്ഷമായി വിമര്‍ശിച്ചത്. സംഭവത്തില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും പ്രതിപക്ഷത്തിൻ്റെ പ്രതികരണം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും നിഷികാന്ത് പറഞ്ഞു.
ഡൽഹിയിലെ സംഭവത്തിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഎപി നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് നിഷികാന്ത് രംഗത്തെത്തിയത്. ‘ആളുകള്‍ക്ക് വേണ്ടത് പബ്ലിസിറ്റി മാത്രമാണ്. രാഹുല്‍ ഗാന്ധിയെയോ കോണ്‍ഗ്രസ് പാര്‍ട്ടിയെയോ ആരും ഗൗരവമായി കാണുന്നില്ല. ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് നരേന്ദ്ര മോദിജിയാണ്. 12 വര്‍ഷത്തിനുള്ളില്‍ അദ്ദേഹം വികസനം കാണിച്ചുതന്നു. ഇവരെല്ലാം മോദിജിയെ ആക്രമിക്കുന്നത് അവര്‍ക്ക് ഒരുതരം ആകര്‍ഷണം ലഭിക്കാന്‍ വേണ്ടിയാണ്,’ നിഷികാന്ത് പറഞ്ഞു.
വിമര്‍ശനം ഉന്നയിച്ച എഎപി നേതാക്കൾക്കെതിരെ ബിജെപി വക്താവ് പ്രവീണ്‍ ശങ്കറും രംഗത്തെത്തിയിരുന്നു. എഎപി നേതാക്കളെ ‘ദുരന്ത വേട്ടക്കാർ’ എന്നായിരുന്നു പ്രവീൺ ശങ്കർ വിളിച്ചത്. ‘ഡല്‍ഹിയിലോ രാജ്യത്തിന്റെ മറ്റെവിടെയെങ്കിലുമോ ഒരു അപകടം സംഭവിക്കുമ്പോള്‍ അവര്‍ ആദ്യം വിമര്‍ശനമാണ് ഉന്നയിക്കുന്നത്. അതല്ലാതെ അവർ സഹായം ചെയ്യുന്നില്ല’, പ്രവീൺ ശങ്കർ പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദക്ഷിണ ഡൽഹിയിൽ കെട്ടിടം തകര്‍ന്ന് വീണ് അപകടമുണ്ടായത്. ആൺകുട്ടികളായ വിദ്യാര്‍ത്ഥികള്‍ക്ക് പേയിങ് ഗസ്റ്റായി താമസിക്കാനുള്ള സൗകര്യം നല്‍കിയിരുന്ന കെട്ടിടമാണ് തകര്‍ന്നത്. അപകടത്തിൽ ഇതുവരെ അഞ്ച് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് നിഗമനം.



