അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് ബാങ്ക്; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരൻ

ഭുവനേശ്വർ: മരിച്ചുപോയ സഹോദരിയുടെ അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരൻ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ മലിപോസിയിലുള്ള ഒഡിഷ ഗ്രാമീൺ ബാങ്ക് ശാഖയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡിയാനാലി ഗ്രാമവാസിയായ ജീതു മുണ്ട (50) എന്നയാളാണ് മരിച്ചുപോയ സഹോദരി കർല മുണ്ടയുടെ (56) അസ്ഥികൂടവുമായി ബാങ്കിലെത്തിയത്. രണ്ട് മാസം മുമ്പ് അസുഖം ബാധിച്ചാണ് കർല മുണ്ട മരിച്ചത്. തന്‍റെ കന്നുകാലികളെ വിറ്റ് സമ്പാദിച്ച 20,000 രൂപ ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നു. മറ്റ് നിയമപരമായ അവകാശികളില്ലാത്തതിനാൽ പണം പിൻവലിക്കാൻ ജീതു മുണ്ട പലതവണ ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ മരണ സർട്ടിഫിക്കറ്റും മറ്റ് ഔദ്യോഗിക രേഖകളും ഹാജരാക്കിയാൽ മാത്രമേ പണം നൽകാൻ കഴിയൂ എന്ന് ബാങ്ക് അധികൃതർ നിലപാടെടുത്തു.

പണം പിൻവലിക്കണമെങ്കിൽ അക്കൗണ്ട് ഉടമയെ നേരിട്ട് കൊണ്ടുവരണമെന്നാണ് ബാങ്കിലുള്ളവർ തന്നോട് പറഞ്ഞെന്നും എന്നാൽ സഹോദരി മരിച്ചുപോയെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ലെന്നും ഒടുവിൽ മരിച്ചെന്ന് തെളിയിക്കാൻ മറ്റ് വഴികളില്ലാത്തതിനാലാണ് ശ്മശാനത്തിൽ നിന്ന് അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ കൊണ്ടുവന്നതെന്നും ജീതു മുണ്ട പറഞ്ഞു.

സംഭവമറിഞ്ഞ് പതാന പൊലീസ് ഇൻസ്പെക്ടർ ബാങ്കിലെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ജീതുവിന് വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നും ബാങ്ക് നടപടിക്രമങ്ങൾ ഇയാൾക്ക് ലളിതമായി വിശദീകരിച്ചു നൽകുന്നതിൽ ബാങ്ക് അധികൃതർക്ക് വീഴ്ച പറ്റിയെന്നും പൊലീസ് പറഞ്ഞു. പണം ലഭ്യമാക്കാൻ ആവശ്യമായ സഹായം നൽകാമെന്ന് പൊലീസ് ഉറപ്പുനൽകിയതിനെ തുടർന്ന് അസ്ഥികൂടം വീണ്ടും സംസ്കരിച്ചു. കർല മുണ്ടയുടെ അക്കൗണ്ടിൽ നൽകിയിരുന്ന നോമിനിയും നേരത്തെ മരിച്ചുപോയതിനാൽ ജീതു മുണ്ട മാത്രമാണ് ഇപ്പോൾ ആ പണത്തിന് അവകാശിയെന്ന് ബാങ്ക് വൃത്തങ്ങൾ സ്ഥിരീകരിച്ചു. നിയമപരമായ തടസങ്ങൾ നീക്കി പണം എത്രയും വേഗം ജീതുവിന് കൈമാറാൻ പ്രാദേശിക ഭരണകൂടം ബാങ്ക് അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *