തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ യുഡിഎഫ് സർക്കാർ കേസെടുക്കുമോയെന്നതിൽ ആകാംക്ഷ തുടരുന്നു. ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ച നിയമോപദേശം ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിക്കുന്ന നിലപാടായിരിക്കും നിർണായകമാവുക.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്നാണ് അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശം. ഇഡിയുടെ കത്തിനൊപ്പം കൈമാറിയ രേഖകളും കണ്ടെത്തലുകളും പരിശോധിച്ചശേഷം പ്രാഥമിക അന്വേഷണമോ നേരിട്ട് കേസെടുക്കുന്ന നടപടിയോ സ്വീകരിക്കണമെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും.
അതേസമയം, പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്താൽ രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടാനാണ് സിപിഐഎം തീരുമാനം. യുഡിഎഫ് സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര ഏജൻസിയുടെ നീക്കത്തിന് പിന്തുണ നൽകുകയാണെന്നാണ് പാർട്ടിയുടെ ആരോപണം.
സിഎംആർഎൽ കേസിൽ നിലവിലെ മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയെന്ന ആരോപണത്തിൽ നിയമോപദേശം തേടിയിട്ടുണ്ടോയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ടി.എം. തോമസ് ഐസക് ചോദിച്ചു. പണം സ്വീകരിച്ചതായി സമ്മതിച്ച മന്ത്രിമാർക്കെതിരെയും അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഇഡിയുമായി ഒത്തുകളിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നതെന്നും തോമസ് ഐസക് വിമർശിച്ചു. ബിജെപിയിലും ഇഡിയിലും മുഖ്യമന്ത്രി വി.ഡി. സതീശന് വലിയ വിശ്വാസമാണുള്ളത്. സർക്കാരിനെതിരെ ഉയരുന്ന ജനരോഷം വഴിതിരിച്ചുവിടുന്നതിനാണ് രാഷ്ട്രീയ ഇടപെടൽ നടത്തുന്നത്. വലിയ അഴിമതി നടന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി നൽകിയ സേവനത്തിന് പ്രതിഫലമായി സ്വീകരിച്ച പണത്തെക്കുറിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് തോമസ് ഐസക്കിന്റെ വാദം. നിലവിലെ രണ്ട് മന്ത്രിമാർക്കെതിരായ സാമ്പത്തിക ആരോപണങ്ങൾ വരും ദിവസങ്ങളിൽ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനും രംഗത്തെത്തി. ഇപ്പോഴത്തെ സർക്കാർ നിയമിച്ച അഡ്വക്കേറ്റ് ജനറലിൽനിന്ന് വ്യത്യസ്തമായൊരു നിയമോപദേശം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ വിലയിരുത്തലിനെക്കാൾ രാഷ്ട്രീയതാൽപര്യമാണ് ഉപദേശത്തിന് പിന്നിലെന്നും ലാവലിൻ കേസിന്റെ തുടർച്ചയായാണ് പുതിയ നീക്കത്തെ കാണുന്നതെന്നും ജയരാജൻ പ്രതികരിച്ചു.
രാഷ്ട്രീയപ്രേരിതമായ ഇഡി ആഖ്യാനത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകാനാണ് സാധ്യത. ബിജെപിയെയും ആർഎസ്എസിനെയും തൃപ്തിപ്പെടുത്തുന്ന നിലപാടാണ് സതീശൻ സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിഎംആർഎല്ലിൽനിന്ന് നിലവിലെ സർക്കാരിലെ രണ്ട് മന്ത്രിമാർ ഫണ്ട് സ്വീകരിച്ചതായി സമ്മതിച്ചിട്ടുണ്ടെന്നും എന്നാൽ അവർക്കെതിരെ അന്വേഷണം നടക്കുന്നില്ലെന്നും ജയരാജൻ ആരോപിച്ചു. ഈ വിഷയം മറച്ചുവെച്ച് സിപിഐഎമ്മിനെയും പിണറായി വിജയനെയും ജനമധ്യത്തിൽ അപകീർത്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ രാഷ്ട്രീയമായി പിടിമുറുക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്ക് യുഡിഎഫ് സർക്കാർ വഴിയൊരുക്കുകയാണെന്നും 2031ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയനീക്കങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടികളെന്നും പി. ജയരാജൻ ആരോപിച്ചു.
നിയമോപദേശം ആഭ്യന്തരമന്ത്രിക്ക് കൈമാറിയശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചായിരിക്കും സർക്കാർ തുടർനടപടിയിൽ തീരുമാനമെടുക്കുക. കേസെടുത്താൽ സംസ്ഥാനത്ത് ശക്തമായ രാഷ്ട്രീയ–നിയമ പോരാട്ടത്തിനാകും തുടക്കമാവുക.



