സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 13,995 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 1,11,960 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. അതാണ് ഇന്ന് തിരിച്ചിറങ്ങിയത്.അതേസമയം, രാജ്യത്തേക്കുള്ള ഔദ്യോഗിക സ്വർണ്ണ ഇറക്കുമതിയിൽ മെയ് മാസം മുതൽ വലിയ ഇടിവ് രേഖപ്പെടുത്തിയത് സമ്പദ്വ്യവസ്ഥയ്ക്ക് അനുകൂലമാണോ എന്നതിൽ സംശയം പ്രകടിപ്പിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ്.
ഇറക്കുമതി കുറയുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (CAD), പെയ്മെന്റ് ബാലൻസ് (BoP) എന്നിവയ്ക്ക് ആശ്വാസകരമാണെങ്കിലും, ഇതിന് പിന്നിൽ അപകടകരമായ പ്രത്യാഘാതങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് കൊട്ടക് വിലയിരുത്തുന്നു. ഇറക്കുമതിയിലെ ഈ കുറവിന് പിന്നിൽ പ്രധാനമായും മൂന്ന് സാഹചര്യങ്ങളാണ് കൊട്ടക് ചൂണ്ടിക്കാണിക്കുന്നത്.
മെയ് 13 മുതൽ പ്രാബല്യത്തിൽ വന്ന ഉയർന്ന ഇറക്കുമതി തീരുവ ആഭ്യന്തര വിപണിയിൽ സ്വർണ്ണവില 9 ശതമാനത്തോളം ഉയരാൻ കാരണമായി. ഇത് സാധാരണക്കാരുടെ സ്വർണ്ണ ഉപഭോഗത്തിൽ ശാശ്വതമായ കുറവുണ്ടാക്കിയേക്കാം. ആഗോള-ആഭ്യന്തര വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ സ്ഥിരത നിക്ഷേപം എന്ന നിലയിലുള്ള ആകർഷണീയത കുറച്ചു. ഗോൾഡ് ഇടിഎഫുകളിലേക്കുള്ള (Gold ETF) പണമൊഴുക്കിലെ ഇടിവ് ഇതിന്റെ പ്രതിഫലനമാണ്.



