ജനപ്രതിനിധികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനും പുതിയ പെരുമാറ്റച്ചട്ടവുമായി മുസ്ലിം ലീഗ്. എംപിമാരുടെയും എംഎൽഎമാരുടെയും മന്ത്രിമാരുടെയും പ്രവർത്തനം കൃത്യമായ ഇടവേളകളിൽ വിലയിരുത്താനും ഓഡിറ്റ് ചെയ്യാനുമാണ് പാർട്ടി തീരുമാനം.
മലപ്പുറം വാഴയൂരിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർദേശങ്ങൾ മുന്നോട്ടുവച്ചത്. തെരഞ്ഞെടുപ്പ് മുന്നിലുണ്ടെന്ന ബോധ്യത്തോടെ ജനപ്രതിനിധികൾ പ്രവർത്തിക്കണമെന്നും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും നേതൃത്വം നിർദേശിച്ചു.
ജനപ്രതിനിധികളുടെ പേഴ്സണൽ സ്റ്റാഫ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും വിവാദങ്ങൾക്ക് ഇടയാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അധികാരം അഹങ്കാരത്തിലേക്കോ ആഡംബരത്തിലേക്കോ നയിക്കരുതെന്നും പൊതുപ്രവർത്തകർ വാക്കിലും പ്രവൃത്തിയിലും കൂടുതൽ ജാഗ്രത പുലർത്തണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.
മന്ത്രിമാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു. മണ്ഡലങ്ങളിലും സംസ്ഥാനതലത്തിലും നടപ്പാക്കേണ്ട വികസന പദ്ധതികൾ സംബന്ധിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകളും നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികൾ വികസന പദ്ധതികൾ തയ്യാറാക്കണമെന്നും നിർദേശിച്ചു.
അടുത്തിടെ മുസ്ലിം ലീഗ് മന്ത്രിമാരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശങ്ങൾക്ക് പ്രാധാന്യം. പ്രത്യേകിച്ച് മന്ത്രി കെ.എം. ഷാജിയുടെ ആഡംബര വാഹനവുമായി ബന്ധപ്പെട്ട വിവാദവും പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
അതേസമയം, പുതിയതായി പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതല്ലെന്നും ലീഗിൽ നേരത്തെ തന്നെ പെരുമാറ്റച്ചട്ടമുണ്ടെന്നും മന്ത്രി കെ.എം. ഷാജി പ്രതികരിച്ചു. മുൻകരുതൽ സ്വീകരിക്കണമെന്ന നിർദേശം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.



