പാലക്കാട് സിപിഎമ്മുമായി ബന്ധപ്പെട്ട് താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങൾ തെളിയിച്ചതായി മുൻ സിപിഎം നേതാവ് പി.കെ. ശശി. പാർട്ടിയിൽ ഇപ്പോഴും നിരവധി ‘പുഴുക്കുത്തുകൾ’ ഉണ്ടെന്നും, നിലവിലെ മാറ്റം കൊണ്ട് മാത്രം സിപിഎമ്മിന് പാലക്കാട് ജില്ലയിലും സംസ്ഥാനത്തും രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയാക്കിയ സാഹചര്യത്തിലാണ് പി.കെ. ശശിയുടെ പ്രതികരണം. വിഭാഗീയത ഉൾപ്പെടെയുള്ള സംഘടനാപരമായ പ്രശ്നങ്ങളെ തുടർന്ന് സുരേഷ് ബാബുവിനെ മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തീരുമാനിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന സിപിഎം വിമത കൺവെൻഷനിൽ താൻ ഉന്നയിച്ച കാര്യങ്ങൾ വസ്തുതാപരമായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായതായി ശശി പറഞ്ഞു. വൈകിയാണെങ്കിലും സിപിഎം സ്വീകരിച്ച നടപടി പാർട്ടിയുടെ നന്മയ്ക്കായിരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഒരു ജില്ലാ സെക്രട്ടറിയെ മാറ്റിയതുകൊണ്ട് മാത്രം പാർട്ടിയിലെ പ്രശ്നങ്ങൾ അവസാനിക്കില്ലെന്നാണ് ശശിയുടെ നിലപാട്.
“തല അവിടെത്തന്നെ തുടരുകയാണ്” എന്ന പരാമർശത്തിലൂടെ സംസ്ഥാന നേതൃത്വത്തെയും ശശി വിമർശിച്ചു. മനുഷ്യരുമായി ബന്ധമില്ലാത്ത നേതാക്കളാണ് പാർട്ടിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പ്രത്യേകിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പേരെടുത്ത് വിമർശിക്കുകയും ചെയ്തു.
നേരത്തെ സിപിഎം നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉൾപ്പെടെ അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആരോപണങ്ങൾ സുരേഷ് ബാബു നിഷേധിക്കുകയും ശശിയോട് അവ തെളിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോൾ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതോടെ, താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾക്ക് പാർട്ടി നടപടി തന്നെ തെളിവാണെന്ന നിലപാടിലാണ് ശശി. അതേസമയം, സുരേഷ് ബാബുവിന്റെ മാറ്റത്തിന് ഔദ്യോഗികമായി പറയുന്ന കാരണം വ്യക്തിപരമായ അസൗകര്യമാണെന്നും പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്.



