തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ച രേഖപ്പെടുത്തിയ 1,09,400 രൂപയിലാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 13,675 രൂപയിൽ തന്നെയാണ് ഒരു ഗ്രാം സ്വർണവും വ്യാപാരം പുരോഗമിക്കുന്നത്.സെപ്റ്റംബർ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് സ്വർണം എത്തിനിൽക്കുന്നത്. ഒക്ടോബർ 2ന് വീണ്ടും 1,10,000 രൂപ നിലവാരത്തിലെത്തിയതിന് പിന്നാലെയാണ് വില താഴ്ന്നത്. അമേരിക്കയിലെ തൊഴിൽ കണക്കുകൾ ദുർബലമായത് മാത്രമല്ല സ്വർണവിലയിലെ മാറ്റത്തിന് കാരണം.
സാധാരണയായി തൊഴിൽ മേഖലയിലെ തളർച്ച പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ സ്വർണത്തിന് പിന്തുണ ലഭിക്കാം. എന്നാൽ നിലവിൽ ഡോളറിന്റെ മൂല്യം, യുഎസ് ട്രഷറി ബോണ്ട് യീൽഡ്, പണപ്പെരുപ്പം തുടങ്ങിയ ഘടകങ്ങളും രാജ്യാന്തര വിപണിയെ സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണവില തുടർച്ചയായി താഴേക്ക് നീങ്ങുകയാണെങ്കിൽ അതിന്റെ പ്രതിഫലനം കേരളത്തിലെ വിലയിലും ഉണ്ടാകാം. പ്രത്യേകിച്ച് അന്താരാഷ്ട്ര സ്വർണവില 4,000 ഡോളറിന് താഴേക്ക് എത്തിയാൽ ആഭ്യന്തര വിപണിയിൽ കൂടുതൽ വിലക്കുറവിന് സാധ്യതയുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
നിലവിൽ ട്രോയ് ഔൺസിന് ഏകദേശം 4,130 ഡോളർ നിലവാരത്തിലാണ് രാജ്യാന്തര വിപണിയിൽ വ്യാപാരം നടക്കുന്നത്.ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണ വില സർവകാല റെക്കോർഡിലെത്തിയത്. പവന് 1,31,160 രൂപയായിരുന്നു അന്നത്തെ വില. ഇന്ന് പവൻ വില 1,09,400 രൂപ ആയി താഴ്ന്നു. 9 മാസം കൊണ്ട് റെക്കോർഡ് നിരക്കിൽനിന്ന് 21,760 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.



