മൂന്നര വർഷത്തെ ഇടവേളയ്ക്കുശേഷം റിപ്പോ നിരക്കിൽ വർധനയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി 5.50 ശതമാനമാക്കി. കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കാണ് റിപ്പോ നിരക്ക്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പണനയ അവലോകനത്തിന് ശേഷം നിരക്കുവർധന പ്രഖ്യാപിച്ചത്.
റിപ്പോ നിരക്കിലെ വർധന ബാങ്കുകളുടെ വായ്പാ പലിശനിരക്കിലും പ്രതിഫലിച്ചേക്കും. പ്രത്യേകിച്ച് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച ഫ്ലോട്ടിങ് റേറ്റ് ഹോം ലോണുകളുള്ളവരെയാണ് ഇത് നേരിട്ട് ബാധിക്കുക. ബാങ്കുകൾ നിരക്ക് വർധന ഉപഭോക്താക്കളിലേക്ക് കൈമാറുന്നതനുസരിച്ച് പ്രതിമാസ ഇഎംഐ ഉയരുകയോ വായ്പയുടെ തിരിച്ചടവ് കാലാവധി നീളുകയോ ചെയ്യാം.അതിനാൽ നിലവിൽ ഹോം ലോൺ തിരിച്ചടയ്ക്കുന്നവർ ബാങ്കിന്റെ പുതുക്കിയ പലിശനിരക്കും റീസെറ്റ് വ്യവസ്ഥകളും പരിശോധിക്കേണ്ടത് പ്രധാനമാണ്.
എന്തുകൊണ്ടാണ് ആർബിഐ പലിശ കൂട്ടിയത്?
പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയാണ് ആർബിഐയുടെ പ്രധാന ആശങ്ക. ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവിനൊപ്പം ആഭ്യന്തര പണപ്പെരുപ്പത്തിലും സമ്മർദ്ദം സൃഷ്ടിക്കാം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും എണ്ണ വിപണിയിലെ അനിശ്ചിതത്വവും ഇതിന് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്.
രൂപയുടെ മൂല്യത്തകർച്ച, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, ബോണ്ട് യീൽഡിലെ മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങളും കേന്ദ്രബാങ്ക് പരിഗണിക്കുന്നുണ്ട്. യുഎസ് ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്ര ബാങ്കുകളുടെ പലിശനയവും ഇന്ത്യയുടെ ധനവിപണിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.
അതേസമയം, ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ ആർബിഐ പ്രതീക്ഷ നിലനിർത്തുകയാണ് .2026–27 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം 7.1 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
EMI കൂടുമോ, കാലാവധി നീളുമോ?
പലിശനിരക്ക് ഉയർന്നാൽ വായ്പയുടെ തിരിച്ചടവ് ക്രമീകരിക്കുന്ന രീതി ബാങ്കുകൾക്കനുസരിച്ച് വ്യത്യാസപ്പെടാം. ചില ബാങ്കുകൾ ഇഎംഐ ഉയർത്തിയേക്കാം. മറ്റു ചില ബാങ്കുകൾ പ്രതിമാസ തിരിച്ചടവ് വലിയ തോതിൽ മാറ്റാതെ വായ്പയുടെ കാലാവധി നീട്ടിയേക്കാം. കാലാവധി നീട്ടുന്നത് നിലവിലെ മാസച്ചെലവിലെ സമ്മർദ്ദം കുറയ്ക്കുമെങ്കിലും ദീർഘകാലത്ത് നൽകേണ്ട മൊത്തം പലിശ വർധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇഎംഐ മാത്രം നോക്കാതെ ആകെ തിരിച്ചടവ് ബാധ്യതയും പരിശോധിക്കണം.



