കർണാടക മുൻ മന്ത്രി വിനയ് കുൽക്കർണിയെ അയോഗ്യനാക്കി

ബെംഗളൂരു: കർണാടക കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയെ അയോഗ്യനാക്കി. 2016 ൽ ബിജെപി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിലാണ് മുൻ മന്ത്രി കൂടിയായ വിനയ് കുൽക്കർണി പ്രതിയായിരുന്നത്. ഈ കേസ് സിബിഐ ആണ് അന്വേഷിച്ചിരുന്നത്. വിചാരണക്കൊടുവിൽ വിനയ് കുൽക്കർണിയെ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനാക്കിയത്. ശിക്ഷാ വിധി പുറത്തുവന്ന രണ്ടാഴ്ചയോളം കഴിഞ്ഞാണ് അയോഗ്യത സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയേറ്റ് വിഞ്ജാപനം പുറപ്പെടുവിച്ചത്.

കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന് വലിയ തിരിച്ചടിയാണ് ഈ നടപടി. വടക്കൻ കർണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവാണ് വിനയ് കുൽക്കർണി. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം ഈ നടപടി വലിയ ചർച്ചയായേക്കാം. ഇദ്ദേഹത്തിന് അടുത്ത ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവില്ല. ഇക്കഴിഞ്ഞ ഏപ്രിൽ 15 നാണ് വിനയ് കുൽക്കർണിയെ ബെംഗളൂരു കോടതി ശിക്ഷിച്ചത്. കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരനാണ് വിനയ് കുൽക്കർണിയെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞത്. കേസിൽ 2020 ൽ സിബിഐ അറസ്റ്റ് ചെയ്ത ശേഷം ഇദ്ദേഹം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. എന്നാൽ വിചാരണക്കിടെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജാമ്യം റദ്ധാക്കി. പിന്നീട് വിചാരണ കഴിഞ്ഞ ശേഷം 2026 ഫെബ്രുവരിയിൽ സുപ്രീം കോടതിയാണ് ഇദ്ദേഹത്തിന് ജാമ്യം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *