ഡൽഹി: അറബിക്കടലിൽ സാങ്കേതിക തകരാർ സംഭവിച്ച് കുടുങ്ങിപ്പോയ ഇന്ത്യൻ ചരക്കുകപ്പലിന് പാക് നാവികസേന സഹായമെത്തിച്ചു. കടലിൽവെച്ച് എൻജിൻ നിലച്ച ‘എംവി ഗൗതം’ എന്ന കപ്പലിനാണ് പാക് നിരീക്ഷണ സേനയുടെ കപ്പൽ സഹായത്തിനെത്തിയത്. ഗുജറാത്തിലെ പോർബന്ദറിൽ നിൻ മസ്കറ്റിലേക്ക് പോവുകയായിരുന്നു കപ്പൽ. എൻജിൻ നിലച്ചതോടെ കപ്പൽ കടലിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് ഒഴുകി. ഇതിന് പിന്നാലെ കപ്പലിൽ നിന്ന് അടിയന്തര അഭ്യർത്ഥന പുറപ്പെടുവിക്കുകയായിരുന്നു.
ആറ് ഇന്ത്യക്കാരും ഒരു ഇന്തോഷ്യക്കാരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. സഹായ അഭ്യർത്ഥന ആദ്യം മുംബൈയിലെ മാരിടൈം റെസ്‌ക്യു കോർഡിനേഷൻ സെന്ററിലാണ് എത്തിയത്. ഇവിടെ നിന്നാണ് പാകിസ്ഥാനിലേക്ക് സഹായാഭ്യർത്ഥന പോയത്. ഈ സമയത്ത് കടലിൽ നിരീക്ഷണം നടത്തുകയായിരുന്നു പാകിസ്ഥാൻ നാവികസേനയുടെ കപ്പൽ. സന്ദേശം ലഭിച്ചതോടെ പാകിസ്ഥാൻ നാവിക ഉദ്യോഗസ്ഥർ കപ്പലിലെത്തി. ഇവർ കപ്പലിലെ ജീവനക്കാർക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം, മരുന്നുകളും കൈമാറി.
കടലിലെ അപകടസാഹചര്യങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് പാകിസ്ഥാൻ സഹായം നൽകിയത്. ഇന്ത്യയുമായുള്ള വൈര്യത്തിനിടയിലും ഇന്ത്യൻ കപ്പലിന് സഹായമമെത്തിച്ച പാകിസ്ഥാൻ നാവികസേനയുടെ പ്രവർത്തി വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ മാസവും അറബിക്കടലിലെ അടിയന്തര സഹായ അഭ്യർത്ഥനയിൽ എത്തിയ പാക് നാവികസേനാ 18 വിദേശ കപ്പൽ ജീവനക്കാരെ രക്ഷിച്ചിരുന്നു.



