എം.വി. ഗോവിന്ദന്റെ പോസ്റ്റിൽ രൂക്ഷവിമർശനം

കൊച്ചി: നിയസഭ തിരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കുറിപ്പ് പങ്കുവെച്ചുള്ള എം.വി. ഗോവിന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് സിപിഎം അനുകൂല അക്കൗണ്ടുകളിൽനിന്ന് രൂക്ഷമായ കമന്റുകളുയർന്നത്.

2021-ൽ 62 സീറ്റുകളിൽ വിജയിച്ച സിപിഎം ഇത്തവണ 26 സീറ്റുകളിലേക്കാണ് കൂപ്പുകുത്തിയത്. തിരഞ്ഞെടുപ്പിലുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്നും പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്മകൾ തിരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവന. ഈ പ്രസ്താവന പങ്കുവെച്ചുള്ള എം.വി. ഗോവിന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിനെതിരേ രൂക്ഷമായ ഭാഷയിൽ കമന്റുകളുയർന്നത്.

എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നാണ് ഭൂരിപക്ഷം കമന്റുകളിലെയും അഭിപ്രായം. പകരം എം. സ്വരാജിനെയും പി. ജയരാജനെയോ പാർട്ടി സെക്രട്ടറിയാക്കണമെന്നും സിപിഎം അനുകൂലികളെന്ന് കരുതുന്നവർ കമന്റുകളിൽ പറയുന്നു. എം.വി. ഗോവിന്ദൻ സെക്രട്ടറിയായി വൻ പരാജയമാണെന്നും സാമൂഹികമാധ്യമങ്ങളിലെ വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്. എതിർപ്പുകൾ മറികടന്ന് തളിപ്പറമ്പിൽ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സീറ്റുറപ്പിച്ചതടക്കം എം.വി. ഗോവിന്ദൻ പാർട്ടിയുടെ തോൽവിക്ക് ആക്കംകൂട്ടിയെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഞാനും ഭാര്യയുമല്ല വരേണ്ടത്, ജനം അംഗീകരിക്കുന്നവരാണ് വരേണ്ടത്, അതല്ലേ പാർട്ടിക്ക് കണ്ണൂരിൽ തിരിച്ചടി ഉണ്ടായത്, നെഞ്ചോട് ചേർത്തുപിടിക്കുന്ന ഈ പാർട്ടിയെ ഇല്ലാതാക്കല്ലേ എന്ന അഭ്യർഥന മാത്രം’ എന്നായിരുന്നു പോസ്റ്റിന് താഴെവന്ന ഒരു കമന്റ്. എം.വി. ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയില്ലെങ്കിൽ ബംഗാളിലെ പാർട്ടിയുടെ അവസ്ഥയാകും വരാനിരിക്കുന്നതെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. ‘മുന്നിൽവരുന്നവരെ കണ്ടാൽ ഒന്നു മിണ്ടാനെങ്കിലും പറ്റണം സഖാവേ’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അല്ലെങ്കിൽ ഒന്ന് മുഖത്തുനോക്കി ചിരിക്കാനെങ്കിലും ശ്രമിക്കണമെന്നും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനെ താഴെ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *