ന്യൂഡൽഹി: ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുംഭമേള വൈറൽ താരമായ മൊണാലിസയും, ഭർത്താവ് ഫർമാൻ ഖാനും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വർഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. തങ്ങൾക്ക് എതിരെ നടക്കുന്ന ക്രിമിനൽ ഗൂഢാലോചനയെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
ആദ്യ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയത് ഏകപക്ഷീയമായാണ്. മധ്യപ്രദേശിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണം. കേസ് അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിൽ എത്തുന്ന മധ്യപ്രദേശ് പൊലീസിലെ ഉദ്യോഗസ്ഥർ തങ്ങളെ മാത്രമല്ല, തങ്ങളുമായിബന്ധമുള്ളവരെ കൂടി ശല്യപെടുത്തുകയാണ്. കേരളത്തിൽ സ്ഥിരമായി ഒരു സ്ഥലത്ത് ജീവിക്കാൻ സാധിക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അഭിഭാഷകരായ ബി എൽ നഗർ, കെ ആർ സുഭാഷ് ചന്ദ്രൻ, അനിരുദ്ധ് കെ പി എന്നിവർ മുഖേനയാണ് താരം ഹർജി ഫയൽ ചെയ്തത് .
