ഉമര്‍ ഖാലിദിന് ജാമ്യമില്ല;വിചാരണക്കോടതി അപേക്ഷ തള്ളി

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന് ജാമ്യം അനുവദിക്കാതെ ഡൽഹി കോടതി. പ്രായമായ അസുഖബാധിതയായ അമ്മയെ പരിപാലിക്കാൻ ജാമ്യം അനുവദിക്കണമെന്നതായിരുന്നു ഉമറിന്റെ ആവശ്യം. എന്നാൽ ഉമറിന്റെ ജാമ്യാപേക്ഷയിലുള്ളത് മതിയായ കാരണമല്ലെന്നാണ് ജാമ്യം നിഷേധിച്ച് കൊണ്ട് അഡിഷ്ണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് ചൂണ്ടിക്കാട്ടിയത്. 15 ദിവസം ജാമ്യംതേടിയുള്ള ഹർജി ഡൽഹിയിലെ കർക്കർദൂമ കോടതിയാണ് തള്ളിയത്.

മാതാവിന്റെ ശസ്ത്രക്രിയയ്ക്കും അമ്മാവന്റെ മരണാനന്തര ചടങ്ങിലും പങ്കെടുക്കാനായാണ് പ്രധാനമായും ജാമ്യം തേടിയത്. ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ അഞ്ച് വർഷത്തിലേറെയായി ജയിലിലണ് ഉമർ ഖാലിദ്.

കലാപ കേസുമായി ബന്ധപ്പെട്ട് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രീം കോടതിയിലെ മറ്റൊരു ബഞ്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഈ വിധി വന്നിരിക്കുന്നത്.

ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ചരിയ എന്നിവരുടെ ബഞ്ചിന്റെ തീരുമാനത്തെ ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ഉജ്ജ്വൽ ഭുയ്യാനും ഉൾപ്പെട്ട ബഞ്ചാണ് വിമർശിച്ചത്. വിചാരണ നീണ്ടുപോയാൽ ജാമ്യം നൽകണമെന്ന നജീബ് കേസിലെ വിധിയാണ് നിയമമെന്നും ഇത് പാലിച്ചില്ലെന്നുമാണ് ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചത്. ഡൽഹി കലാപഗൂഢാലോചനക്കേസിലാണ് യുഎപിഎ ചുമത്തി ഉമർ ഖാലിദിനെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *