ഡൽഹിയിലെ സിപിഎം പ്രതിഷേധം, എം. എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു

ഡൽഹി: ഡൽഹിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിന് നേതൃത്വം നൽകിയ സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. ഏകാധിപത്യം അനുവദിക്കില്ലെന്ന് നേതാക്കൾ മുദ്രാവാക്യം മുഴക്കി. ബൃന്ദ കാരാട്ട് അടക്കം മറ്റ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ, പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. അറസ്റ്റിനെതിരെ പ്രവർത്തകർ എം. എ ബേബി അടക്കമുള്ള നേതാക്കൾക്ക് കവചമൊരുക്കിയെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്. മുഴുവൻ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തലസ്ഥാനത്തെ വസതിയിലടക്കം 12 ഇടങ്ങളിൽ ഇഡി സംഘം നടത്തിയ റെയ്ഡിനെതിരെയാണ് സിപിഎം വിവിധ ഇടങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തിരുവനന്തപുരത്ത് ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വസതിയിൽ നടന്ന റെയ്ഡിന് ശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായി. റെയ്ഡ് അവസാനിപ്പിച്ച് കാറിൽ മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ ആക്രമിച്ചു. വാഹനത്തിൻ്റെ ചില്ലിന് നേരെ ഇഷ്ടിക അടക്കം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *