ആഭ്യന്തര സർവീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ

ഡൽഹി: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ആഭ്യന്തര സർവീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര സർവീസുകളിൽ താൽക്കാലികമായി കുറവ് വരുത്താനാണ് എയർ ഇന്ത്യയുടെ നീക്കം. ജൂൺ, ജൂലൈ, ആ​ഗസ്റ്റ് മാസങ്ങളിലാണ് നിയന്ത്രണം കൊണ്ടുവരിക. ആഭ്യന്തര സർവീസുകളിൽ ഏകദേശം 20 മുതൽ 22 ശതമാനം വരെ കുറവ് വരുത്തുമെന്നാണ് സൂചനകള്‍. നേരത്തെ ഇതേ കാലയളവിൽ ചില അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി.

വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവും സാമ്പത്തിക വെല്ലുവിളികളും കാരണം അന്താരാഷ്ട്ര സർവീസുകളിൽ ഇതിനകം തന്നെ 27 ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്. നിലവിൽ എയർ ഇന്ത്യ പ്രതിവാരം 4,400 സർവീസുകളാണ് നടത്തുന്നത്. ഇതിൽ 3,600 ആഭ്യന്തര സർവീസുകളും 800 അന്താരാഷ്ട്ര സർവീസുകളും ഉൾപ്പെടുന്നു. സർവീസുകൾ റദ്ദാക്കുന്നത് വഴി ബുദ്ധിമുട്ടിലാകുന്ന യാത്രക്കാർക്ക് ബദൽ യാത്രാ സൗകര്യമടക്കം കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. യാത്ര വേണ്ടെന്ന് വെക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *