ആറന്മുളയില്‍ റോഡുകൾ വെള്ളത്തിൽ; കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ എത്തിക്കാൻ നിര്‍ദ്ദേശം

പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയില്‍ ശക്തമായ മഴ. പ്രളയ സമാന സാഹചര്യമാണ് നിലവില്‍ ആറന്മുളയിലുള്ളത്. റോഡുകളിലും ആറന്മുള ക്ഷേത്ര പരിസരത്ത് വെള്ളം കയറിയിട്ടുണ്ട്. മന്ത്രി പി. സി വിഷ്ണുനാഥ് അടക്കമുള്ളവര്‍ ആറന്മുളയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കിയും സ്ഥലത്തുണ്ട്. അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളം കയറുന്നതിന് അനുസരിച്ച് ആളുകളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശത്തുനിന്ന് ആളുകളെ മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു.

കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റാന്നിയില്‍ വെള്ളം കുറയുമ്പോള്‍ ആറന്മുളയില്‍ വെള്ളം കൂടുന്ന സാഹചര്യവുമുണ്ട്. അതേസമയം മുഖ്യമന്ത്രി വി. ഡി സതീശന്‍ സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്യാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയില്‍ പി സി വിഷ്ണുനാഥിന് പുറമേ തിരുവനന്തപുരത്ത് സി പി ജോണും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി എ.പി അനിൽകുമാർ നിര്‍വഹിക്കും.

മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎല്‍എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാനുള്ള നിര്‍ദേശവും നല്‍കി. രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് സംഘവും സ്ഥലത്തുണ്ട്.അതിനിടെ മഴയുമായി ബന്ധപ്പെട്ട നിലവിലെ മുന്നറിയിപ്പുകളെ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *