കൊട്ടാരക്കരയിലെ ലോറി അപകടം; ടിപ്പർ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തു

കൊല്ലം: കൊല്ലം കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടത്തില്‍ വാഹനമോടിച്ചയാള്‍ക്ക് ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ഇയാള്‍ ആദ്യമായി ഇന്നാണ് വാഹനം ഓടിച്ചത്. ടിപ്പര്‍ ലോറിയുടെ ജിപിഎസ് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. സ്പീഡ് ഗവര്‍ണറും ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംവിഡി അറിയിച്ചു. സംഭവത്തില്‍ കുറ്റകരമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ലോറി ഡ്രൈവർക്കെതിരെയാണ് കേസ്.

അശ്രദ്ധമായി വാഹനം ഓടിച്ച് മനുഷ്യജീവന് ആപത്തുണ്ടാക്കിയ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ വകുപ്പുകൾ തുടർ പരിശോധനയ്ക്ക് ശേഷം ഉൾപ്പെടുത്തും. മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും മേൽ നടപടികൾ സ്വീകരിക്കുക. അതേസമയം അപകടത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി നാഗരാജു ഐപിഎസ് അറിയിച്ചു. 16 വര്‍ഷം പഴക്കമുള്ള വാഹനമാണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചുള്‍പ്പടെ വിശദമായ പരിശോധന നടത്തുമെന്നും നാഗരാജു പറഞ്ഞിരുന്നു.

ഓവര്‍ലോഡുമായാണ് വാഹനം സഞ്ചരിച്ചത്. സ്‌കൂള്‍ വാഹനങ്ങളുടെ സമയവും ടിപ്പറുകളുടെ സമയവും പരിമിതപ്പെടുത്തേണ്ടതുണ്ട്. കാലാനുഗതമായ മാറ്റം ഉണ്ടാകണം. സമയക്രമവുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ല ഈ അപകടങ്ങള്‍ക്ക് കാരണമെന്നും സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങള്‍ ഇല്ലാത്തത് കൂടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ആരാണ് കുറ്റക്കാരന്‍ എന്ന് കണ്ടെത്തട്ടെ. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും നാഗരാജു ഐപിഎസ് വ്യക്തമാക്കി.

ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മണ്ണ് കയറ്റി വന്ന ലോറി ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. കുടവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ്, കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അജയ്യന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ നിസാം (40), നവനീത് (13), റിഷാഫ് (15) കുശാല്‍, ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.

രണ്ട് റോഡുകള്‍ കൂടിയ കവലയിലാണ് സംഭവം. വളവില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. വളവു തിരിഞ്ഞ് എത്തിയ ടിപ്പര്‍ എതിരെ വന്ന ബൈക്കിലിടിച്ച് നിയന്ത്രണം വിട്ടതാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ടിപ്പര്‍ ലോറി അമിത വേഗതയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ട്യൂഷന് പോകാന്‍ വേണ്ടി കാത്തിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടക്കും. ഫോറന്‍സിക് സര്‍ജനും ആശുപത്രിയില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *