ന്യൂഡല്‍ഹി: ഡല്‍ഹിയിൽ കനത്ത മഴയെ തുടര്‍ന്ന് റെഡ് ആലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത നാല് മണിക്കൂറില്‍ ഡല്‍ഹിയിലെ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് മെഹ്റൗളി-ബദര്‍പൂര്‍ റോഡ്, ഐടിഒ , വസീറാബാദ് റോഡ്, പട്ടേല്‍ റോഡ്, റോഹ്തക് റോഡ്, ശങ്കര്‍ റോഡ്, കീര്‍ത്തി നഗര്‍ ഭാഗം, ഡല്‍ഹി-ജയ്പൂര്‍ ഹൈവേ, പീരാഗര്‍ഹി, ഷഹീന്‍ ബാഗ് എന്നിവിടങ്ങളില്‍ കനത്ത ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജിടി റോഡ്, ജിടിബി. എന്‍ക്ലേവ്, ദില്‍ഷാദ് ഗാര്‍ഡന്‍ എന്നിവയുള്‍പ്പെടെ കിഴക്കന്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദക്ഷിന്‍പുരി, ഓഖ്‌ല, സംഗം വിഹാര്‍, സൈനിക് ഫാംസ്, മെഹ്റൗളി-ബദര്‍പൂര്‍ റോഡിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഐഎംഡി കണക്കുകള്‍ പ്രകാരം, വെള്ളിയാഴ്ച രാവിലെ 8:30 വരെ സഫ്ദര്‍ജംഗില്‍ 59.2 മിമീ മഴ രേഖപ്പെടുത്തി. ലോധി റോഡില്‍ 60.4 മിമീ, റിഡ്ജില്‍ 57 മിമീ, അയനഗറില്‍ 26.2 മിമീ, പാലത്ത് 16.9 മിമീ എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളില്‍ ലഭിച്ച മഴയുടെ അളവ്. ഓഗസ്റ്റ് 10 വരെ ഡല്‍ഹിയില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
