തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം വിലയിരുത്താനും വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നിർദേശിക്കാനും വിദഗ്ധ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരുനഗരങ്ങളിലെയും വായുഗുണനിലവാരത്തിലുണ്ടായ മാറ്റങ്ങൾ, മലിനീകരണത്തിന്റെ കാരണങ്ങൾ, പ്രധാന ഉറവിടങ്ങൾ എന്നിവ സമിതി പരിശോധിക്കും.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ കൺവീനറായ സമിതിയിൽ ദില്ലിയിലെ എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ സുരേഷ് രാമസുബ്രഹ്മണ്യ അയ്യർ, കോഴിക്കോട് എൻഐടിയിലെ ഡോ. ജോർജ് കെ. വർഗീസ് എന്നിവർ അംഗങ്ങളാണ്.
നഗരങ്ങളിലെ വായുമലിനീകരണത്തിന്റെ നിലവിലെ സ്ഥിതി വിശദമായി വിലയിരുത്തുന്നതിനൊപ്പം അത് നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങളും സമിതി മുന്നോട്ടുവയ്ക്കും. പൊതുജനങ്ങൾക്ക് തത്സമയ വായുഗുണനിലവാര സൂചികയായ എക്യുഐ (AQI) ലഭ്യമാക്കുന്നതിനുള്ള ആശയവിനിമയ സംവിധാനത്തെക്കുറിച്ചും ശുപാർശകൾ സമർപ്പിക്കും.
രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും വായുമലിനീകരണം കുറയ്ക്കുന്നതിനുള്ള തുടർനടപടികൾ സർക്കാർ സ്വീകരിക്കും.
