തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ ഡ്രൈ ഡേ ; സംസ്ഥാന സർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരള അതിര്‍ത്തിയിലെ മദ്യ നിയന്ത്രണത്തിന് സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ് സ്റ്റേ ചെയ്തത്. തമിഴ്നാട് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ ഡ്രൈ ഡേയുടെ ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അബ്കാരി നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ജനപ്രാതിനിധ്യ നിയമം അനുസരിച്ച് വോട്ടെടുപ്പ് പ്രദേശത്ത് മാത്രമാണ് നിയന്ത്രണം. പോളിങ് പ്രദേശത്തിന് പുറത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കമ്മീഷനും അധികാരമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുമളിയിലെ ബാറുടമയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഡ്രൈ ഡേ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ ഹൈക്കോടതി ചോദ്യം ചെയ്തു. ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച ഉത്തരവാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. ഡ്രൈ ഡേ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് എന്തധികാരമാണെന്ന് ഹൈക്കോടതി ചോദിച്ചു.

നിയമ സാധുത ബോധ്യപ്പെടുത്തിയാല്‍ മാത്രം തീരുമാനം അംഗീകരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേരള സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടിയെയാണ് ജസ്റ്റിസ് എസ് മനു അധ്യക്ഷനായ അവധിക്കാല ബെഞ്ച് ചോദ്യം ചെയ്തത്. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഏപ്രില്‍ 21 രാവിലെ 10 മണി മുതല്‍ ഏപ്രില്‍ 23 അര്‍ദ്ധരാത്രി വരെ ഡ്രൈ ഡേ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Leave a Reply

Your email address will not be published. Required fields are marked *