ആലപ്പുഴ ജില്ലയിൽ അടിയന്തര നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലുണ്ടായ കനത്ത മഴയെയും നീരൊഴുക്കിനെയും തുടർന്നുള്ള പ്രളയസാധ്യത പ്രതിരോധിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു. കിഴക്കൻ മലവെള്ളം ഒഴുകിയെത്തി കടലിലേക്ക് പോകുന്ന പ്രധാന വഴിയായ തോട്ടപ്പള്ളി സ്പിൽവേയിലെ മുന്നൊരുക്കങ്ങൾ കളക്ടർ നേരിട്ടെത്തി പരിശോധിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കളക്ടർ വ്യക്തമാക്കിയിരിക്കുന്നത്.

തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളിൽ 39 ഉം പ്രവർത്തനക്ഷമമാണ്. ഇതിൽ 34 എണ്ണം നിലവിൽ തുറന്നിട്ടുണ്ട്. തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാതിരിക്കാൻ വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. പ്രളയസാധ്യതാ പ്രതിരോധ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലയിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി യോഗം ചേർന്നിരുന്നു. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തന സജ്ജമാണ്.

നിലവിൽ ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നദീതീരങ്ങളിൽ കഴിയുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു. ചെങ്ങന്നൂരിലേക്ക് 20 അംഗ എൻഡിആർഎഫ് സംഘത്തെയും മൂന്ന് ബോട്ടുകളെയും അടിയന്തരമായി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *