ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അപൂർവ്വമായ നേട്ടം കൈവരിച്ച് വിശാൽ ചതുർവേദി രചനയും സംവിധാനവും നിർവഹിച്ച ‘ഹനുമാൻ അൻഷ്’. ആത്മീയ ഗുരുവായ നീം കരോലി ബാബയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ച ഈ ചിത്രം കേവലം 2 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്. എന്നാൽ ആഗോള ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ 432 കോടിയാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത 59 ദിവസങ്ങൾ കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.
പ്രദർശനത്തിനെത്തിയ ആദ്യ ദിനങ്ങളിൽ വളരെ കുറഞ്ഞ വരുമാനം മാത്രമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ആദ്യ ദിനം 10 ലക്ഷം രൂപ മാത്രം നേടിയ ചിത്രം ആദ്യ രണ്ടാഴ്ചകൊണ്ട് 1.48 കോടി രൂപയാണ് നേടിയത്. എന്നാൽ മികച്ച അഭിപ്രായങ്ങൾ പ്രചരിച്ചതോടെ 16-ാം ദിവസം മുതൽ തിയേറ്ററുകളിൽ വലിയ മുന്നേറ്റം ദൃശ്യമായി. നാലാം ആഴ്ചയിൽ 61 കോടി രൂപയും അഞ്ചാം ആഴ്ചയിൽ 90 കോടി രൂപയും ചിത്രം നേടി. തിയേറ്ററുകളിലെത്തി 36-ാം ദിവസം 10.50 കോടി രൂപ നേടി ചിത്രം ആഭ്യന്തര വരുമാനം 174 കോടി രൂപയിലെത്തിച്ചു. 15 കോടി ബജറ്റിൽ നിർമിച്ച് വിജയിച്ച ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ റെക്കോർഡാണ് ‘ഹനുമാൻ അൻഷ്’ മറികടന്നത്
അമ്മയുടെ വേർപാടിന് ശേഷം ദൈവത്തെയും ജീവിത തത്ത്വങ്ങളെയും തേടി ഉത്തരേന്ത്യയിലുടനീളം യാത്ര ചെയ്യുകയും പിന്നീട് നീം കരോലി ബാബയായി മാറുകയും ചെയ്യുന്ന ലക്ഷ്മീനാരായണൻ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ശോഭിനവ് സത്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വിഹാൻ ഷെഡ്ഗെ, ചന്ദൻ കെ. ആനന്ദ്, പൂർണിമ തിവാരി, അനിൽ രാസ്തോഗി, ഗുൽഷൻ പാണ്ഡെ, ഭഗവാൻദാസ് പട്ടേൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



