പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

കൊച്ചി: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് മരിച്ചത്. ഭർത്താവ് ചന്ദ്രനെ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം.

സ്ഥിരമദ്യപാനിയായ ചന്ദ്രൻ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു. സമാനമായ രീതിയിൽ ഇന്ന് പുലർച്ചെയും ചന്ദ്രൻ അംബികയുമായി വഴക്കുണ്ടാവുകയും പ്രകോപനത്തിൽ സമീപത്തുണ്ടായിരുന്ന വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

അംബികയുടെ കഴുത്തിന് പുറകിലാണ് വെട്ടേറ്റത്. അച്ഛനെ തടയാൻ ശ്രമിക്കവെ മകൻ സനലിനും വെട്ടേറ്റു. സനലിന് കഴുത്തിലാണ് പരിക്കേറ്റത്. സനലിനെ കളമശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *