‘ദൃശ്യം 3’ തെലുങ്ക് പതിപ്പിന്റെ OTT റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 OTT യിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ ഇന്ന് മുതൽ ആണ് സിനിമ എത്തിയത്. മലയാളം പതിപ്പിനൊപ്പം സിനിമയുടെ മറ്റു ഡബ്ബ് വേർഷനുകളും ഇന്ന് ഒടിടിയിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് പതിപ്പിന്റെ ഒടിടി റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ആദ്യ ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്ത സംവിധായിക ശ്രീപ്രിയ, ഫ്രാഞ്ചൈസിയുടെ തെലുങ്ക് അവകാശങ്ങളുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ മൂന്നാം ഭാഗത്തിന്റെ തെലുങ്ക് ഡബ്ബിന്റെ റിലീസ് തടഞ്ഞിരിക്കുന്നത്.

ദൃശ്യം 3 തെലുങ്കിൽ റിലീസ് ചെയ്യുന്നത് അനുവദിക്കരുത് എന്നാണ് ഹർജിയിൽ പറയുന്നത്. ഇതിൽ കൂടുതൽ ഉത്തരവുകൾ വരുന്നത് വരെ മലയാളം സിനിമയുടെ തെലുങ്ക് ഭാഷാ പതിപ്പ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചിത്രം 330 കോടി ആഗോള ബിസിനസ് നേടിയിരുന്നു. ബോക്സ് ഓഫീസ് കളക്ഷന് പുറമേ ഒ.ടി.ടി- സാറ്റ്ലൈറ്റ് ബിസിനസ് ഉള്‍പ്പെടെയാണ് ചിത്രം 330 കോടി നേടിയത്.സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് 100 കോടി ക്ലബിലെത്തുന്നത്.

റീലീസ് ചെയ്ത് 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. ഇപ്പോഴിതാ 30ാം ദിവസത്തിലേക്ക് എത്തിയപ്പോഴേക്കും 330 കോടി അടിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദൃശ്യം. ദൃശ്യം 3യുടെ ആഗോള തിയേറ്ററിക്കല്‍ റൈറ്റ്സ് ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും സിനിമ തീയേറ്ററില്‍ എത്തും മുന്‍പ് തന്നെ വിറ്റുപോയിരുന്നു. പെന്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് പനോരമ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ അവകാശങ്ങള്‍ സ്വന്തമാക്കിയത്. ‘ദൃശ്യം’ പരമ്പര ഹിന്ദിയില്‍ നിര്‍മിച്ചത് പനോരമയാണ്.

Leave a Reply

Your email address will not be published. Required fields are marked *